മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ഏറെ പ്രിയപ്പെട്ട നായികമാരായിരുന്നു മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും. ഏറെ സാമ്യങ്ങളുള്ള രണ്ടു നടിമാർ കൂടിയാണ് മഞ്ജുവും ദിവ്യയും. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് രണ്ടുപേരും അഭിനയത്തിലേക്ക് എത്തുന്നത്. ഇരുവരും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടവും അണിഞ്ഞിരുന്നു.

ഒരേ സമയത്ത് നായികമാരായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവും ദിവ്യയും വേദിയിൽ ഒന്നിച്ച് ചുവടുവെയ്ക്കുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘തൂവൽകൊട്ടാരം’ എന്ന ചിത്രത്തിലെ പാർവ്വതി മനോഹരീ എന്നു തുടങ്ങുന്ന സെമി ക്ലാസ്സിക്കൽ ഗാനത്തിന് അനുസരിച്ചാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. നൃത്തത്തിൽ അഗ്രഗണ്യരായ ഇരുവരും മത്സരിച്ച് ചുവടുവെയ്ക്കുന്ന കാഴ്ച കൗതുകം സമ്മാനിക്കും. ‘തൂവൽകൊട്ടാരം’ എന്ന ചിത്രത്തിൽ ഈ ഗാനരംഗത്തിൽ മഞ്ജുവിന് ഒപ്പം ചുവടുവെച്ചത് സുകന്യയായിരുന്നു.

ആരാണ് മികച്ചു നിൽക്കുന്നതെന്ന് പറയാനാവാത്ത രീതിയിലാണ് ഇരുവരുടെയും പ്രകടനം. എന്തായാലും ആരാധകർ വീഡിയോ ഏറ്റെടുത്തതോടെ ഇരുവരുടെയും നൃത്തം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജുവാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയത്തിരക്കിനിടയിലും നൃത്തപരിപാടികൾക്കുള്ള സമയം കണ്ടെത്താറുണ്ട്.

Read more: കണ്ണാടിക്കൂടും കൂട്ടി… വിദ്യാർഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജു വാര്യർ

ബാലതാരമായി സിനിമയിൽ എത്തിയ ദിവ്യ ഉണ്ണി മൂന്നാമത്തെ വയസ്സു മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ നർത്തകിയാണ്. പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയ ദിവ്യ ഉണ്ണി 1990, 1991 വർഷങ്ങളിൽ തുടർച്ചയായി കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലക പട്ടം നേടിയിരുന്നു. നിരവധി മലയാളസിനിമകളിൽ നായികയായി തിളങ്ങിയ ദിവ്യ ഉണ്ണി, മഞ്ജുവിനൊപ്പം ‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമൊക്കെയായി സജീവമാണ് ദിവ്യയുടെ കലാജീവിതം.

Read more: ദീപ്തം, മനോഹരം; വൈറലായി ദിവ്യാ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook