മഞ്ജു വാര്യരും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷാണ് ട്രെയിലര്‍ ട്വീറ്റ് ചെയ്തത്. വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്നു, മഞ്ജുവിന്റെ തമിഴ് ചിത്രം എന്നിങ്ങനെ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് അസുരന്‍. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘അസുരൻ’. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’.

വട ചെന്നൈയില്‍ കണ്ടതു പോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെയാകും അസുരനിലും കാണാനാവുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്.

Read More: അൻപോടെ തങ്കവും ശിവസാമിയും; ‘അസുരനി’ലെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ

ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവന്‍’, ‘ആടുകളം’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

ഒന്നോ രണ്ടോ മലയാള സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാര്‍ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോള്‍ മലയാള സിനിമയില്‍ തന്നെ നിലയുറപ്പിച്ച അപൂര്‍വ്വം അഭിനേത്രിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങള്‍ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങള്‍ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

‘അസുരനി’ല്‍ ഡബിള്‍ റോളില്‍ ആണ് ധനുഷ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍-മകന്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രമായാവും ധനുഷ് എത്തുക എന്ന് വെട്രിമാരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു ലൂക്കിലും ഉള്ള ധനുഷിന്റെ ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook