സിനിമകളുടെ തിരക്കുക്കള്‍ക്കിടയില്‍ നിന്നും മഞ്ജു വാര്യര്‍ വീണ്ടും നൃത്ത രംഗത്തെത്തി. കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിലായിരുന്നു മഞ്ജുവിന്റെ നൃത്തം. പരിപാടിയിൽ നിന്നുള്ള കുച്ചിപ്പുടിയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിനും പരിപാടികൾക്കും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്തത്തെ ജീവനായി കാണുന്ന വ്യക്തി കൂടിയാണ് മഞ്ജു. പതിനാലുവർഷത്തോളം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജുവിന്റെ തിരിച്ചുവരവും നൃത്തവേദിയിലൂടെയായിരുന്നു.
‘അസുരനി’ലൂടെ തമിഴകത്തും അരങ്ങേറ്റം കുറിച്ച മഞ്ജുവിനെ സംബന്ധിച്ച് മികച്ചൊരു വർഷമാണ് കടന്നുപോവുന്നത്. പ്രിയദർശൻ ചിത്രം ‘കുഞ്ഞാലി മരക്കാർ’, സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജിൽ’, സനൽകുമാർ ശശിധരന്റെ ‘കയറ്റം’, റോഷൻ ആൻഡ്രൂസ് ചിത്രം ‘പ്രതി പൂവൻകോഴി’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യർ ചിത്രങ്ങൾ.
മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന ‘പ്രതി പൂവൻകോഴി’യിലെ ആദ്യഗാനം ഇന്നലെ റിലീസിനെത്തിയിരുന്നു. ‘ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരികെ വന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലൂടെയായിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
വസ്ത്ര വ്യാപരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് ‘പ്രതി പൂവന്‍ കോഴി’യില്‍ മഞ്ജു എത്തുന്നത്. ഉണ്ണി.ആറിന്റെ പ്രശസ്തമായ കഥയാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി.ആര്‍ തന്നെയാണ്. മഞ്ജു വാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ്, ഉണ്ണി.ആര്‍ മൂന്ന് വലിയ പേരുകള്‍ ഒരുമിക്കുന്ന ചിത്രമെന്നതും പ്രതി പൂവന്‍ കോഴിയുടെ സവിശേഷതയാണ്.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറിന്റേതാണ് സംഗീതം.
Read more: സൈക്കിള്‍ ചവിട്ടി മഞ്ജു; ‘പ്രതി പൂവന്‍ കോഴി’യിലെ ആദ്യഗാനമെത്തി