മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി. മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ച് ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ മഞ്ജു വാരിക്കൂട്ടി.
സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അതുകൊണ്ടാണ്, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, സഹോദരൻ മധുവാര്യർക്കും സഹോദരന്റെ മകൾക്കുമൊപ്പം ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൈക്കിളിൽ റിസോർട്ടിൽ ചുറ്റി നടക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ.
Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ
പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.
രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.