താളബോധത്തോടെ ബന്ധുവിനൊപ്പം കപ്പ് ട്രിക്ക് ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. “ഞാനൽപ്പം ക്രേസിയാണെന്ന് ആളുകൾ പറയാറുണ്ട്, എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടാൽ അതിന്റെ കാരണം മനസ്സിലാകും,” എന്ന രസകരമായ ക്യാപ്ഷനോടെയാണ് കപ്പ് ട്രിക്കിന്റെ രസകരമായ വീഡിയോ മഞ്ജു പങ്കുവച്ചിരിക്കുന്നത്.
കപ്പും കൈകളും ഉപയോഗിച്ച് കളിക്കുന്ന രസകരമായൊരു കളിയാണ് കപ്പ് ട്രിക്ക്. പതിയെ തുടങ്ങി വേഗത കൂടി വരുന്ന കപ്പ് ട്രിക്ക് തികഞ്ഞ താളബോധത്തോടെയാണ് മഞ്ജു കളിക്കുന്നത്. ടൊവിനോ തോമസ്, ഗീതു മോഹൻദാസ്, പ്രിയങ്ക, വിനയ് ഫോർട്ട്, സയനോര ഫിലിപ്പ്, ഗായത്രി സുരേഷ് തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
Read more: മമ്മൂക്കയ്ക്ക് ഒപ്പം ഒരു ചിത്രമെന്നത് എന്റെ സ്വപ്നമാണ്: മഞ്ജു വാര്യർ
വെട്രിമാരന്റെ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മലയാളേതര ഭാഷയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മഞ്ജുവാര്യർ. മഞ്ജുവിന്റെ ആദ്യതമിഴ് ചിത്രത്തിൽ ധനുഷ് ആണ് നായകൻ. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്.
ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.
ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അനുരാഗ് കശ്യപിനൊപ്പം മഞ്ജു സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രവും അമിതാഭ് ബച്ചൻ, പ്രഭു, ഐശ്വര്യ റായ്, നാഗാർജുന എന്നു തുടങ്ങി ഇതരഭാഷാ സിനിമകളിലെ താരങ്ങൾക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള സൗഹൃദവുമെല്ലാം മഞ്ജു വാര്യർ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾക്കു വഴിവെച്ചിട്ടുണ്ട്. ഒടുവിൽ നിരവധി ഊഹോപഹോങ്ങൾക്കു ശേഷം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് മഞ്ജു. ‘അസുരന്റെ’ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.
Read more: മഞ്ജുവോളം നന്നായി ഇതവതരിപ്പിക്കാന്‍ മറ്റാരുമില്ല: വെട്രിമാരന്‍
പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് മഞ്ജുവിന്റെ മറ്റൊരു ചിത്രം. ചിത്രത്തിൽ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ‘മരക്കാറി’ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനമോ 2020 ൽ ആദ്യമോ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more: Manju Warrier as Zubaida in MARAKKAR Arabikadalinte Simham: ‘മരക്കാറി’ലെ സുബൈദയായി മഞ്ജു വാര്യര്‍