പുതുമുഖ താരങ്ങൾ സിനിമയിലേക്ക് വരുന്നത് നല്ല പ്രവണതയാണെന്ന് മഞ്ജു വാര്യർ. പുതുമുഖങ്ങളുടെ വരവ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശോഭ കുറയ്ക്കില്ലെന്നും അവർക്ക് പകരക്കാരനാവാൻ ആർക്കും സാധിക്കില്ലെന്നും മഞ്ജു പറഞ്ഞു. സൂര്യ ഫെസ്റ്റിവലിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
സിനിമയിൽനിന്നും എനിക്ക് ലഭിച്ചിട്ടുളളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണ്. സിനിമയിൽ തനിക്ക് പുരുഷന്മാരിൽനിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ല. ചിലർക്ക് അത്തരത്തിലുളള മോശം അനുഭവം ഉണ്ടായിട്ടുളളതായി പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിലെ രണ്ടാം വരവിലാണ് എനിക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. മുൻപ് കലോൽസവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് അവരം ലഭിക്കുന്നത്. രണ്ടാം വരവിൽ എനിക്ക് വേണ്ടി സംവിധായകർ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഞാൻ ആസ്വദിച്ചാണ് ഇപ്പോൾ അഭിനയിക്കുന്നത്- മഞ്ജു അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിലേക്ക് താൻ ഒരിക്കലും വരില്ലെന്നും മഞ്ജു പറഞ്ഞു. മനസ്സിന്റെ സംതൃപ്തിക്കുവേണ്ടിയാണ് സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഞാൻ ചെയ്യുന്നത് വലിയ കാര്യമാണെന്ന് ചിന്തിച്ചിട്ടില്ല. എന്നെക്കാൾ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നവരുണ്ട്. എന്നെ അറിയാവുന്നതുകൊണ്ടാണ് ഞാൻ ചെയ്യുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വലിയ രീതിയിൽ കാണിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് കടക്കാനല്ല ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഓഖി ദുരന്ത ബാധിതരെ കാണാൻ പോയത് മനസ്സിന്റെ സംതൃപ്തിക്കുവേണ്ടിയാണ്- മഞ്ജു പറഞ്ഞു.
നടി പാർവ്വതിക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ ആക്രമണങ്ങളെക്കുറിച്ച് ഫെസ്റ്റിലെ ചോദ്യോത്തരവേളയില്‍ മഞ്ജുവിനോട് ചോദിച്ചു. ചോദ്യത്തിന് മറുപടി നൽകാൻ മഞ്ജു തയ്യാറായില്ല. ‘അത് പറയാനുള്ള വേദിയല്ല ഇത്. നോ കമന്റസ് സോറി’ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.