സ്റ്റേജില്‍ നില്‍ക്കുന്ന ഈ പെണ്‍കുട്ടി ആരാണ് എന്ന് മനസിലായോ? മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ ആണത്.  അടുത്ത് നില്‍ക്കുന്നത് മഞ്ജുവിന്റെ സഹോദരനും സിനിമാ പ്രവര്‍ത്തകനുമായ മധു വാര്യര്‍.

Read Here: ഇസയുടെ ആദ്യ ഓണം; ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ

സഹോദരങ്ങള്‍ രണ്ടു പേരും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമായിരുന്നു ഇത്.  ‘When Manju spoke my line and I didn’t know what to say’ (സ്റ്റേജില്‍ എന്റെ കഥാപാത്രം  പറയേണ്ട വരികള്‍ മഞ്ജു പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ഞാന്‍) എന്ന് മധു വാര്യര്‍ കുറിച്ചപ്പോള്‍ ‘When I spoke his lines too and he was left with nothing to say ! Sorry chetta! The look on his face!’ (ചേട്ടന്‍ പറയേണ്ട വരികള്‍ ഞാന്‍ പറഞ്ഞു, പാവം ചേട്ടന് ഒന്നും പറയാനില്ലാതെയായി.  സോറി ചേട്ടാ.  മുഖത്തെ ആ ലുക്ക്‌ കണ്ടോ?’ എന്ന് മഞ്ജുവും കുറിച്ചു.

 

ഒരു കാലത്ത് യുവജനോത്സവ വേദികളിലെ മിന്നും താരങ്ങളായിരുന്നു മഞ്ജു വാര്യരും ചേട്ടൻ മധു വാര്യരും. നൃത്തത്തില്‍ മികവു തെളിയിച്ച മഞ്ജു കലാതിലകമായി പിന്നീട് സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി.  ഇപ്പോള്‍ മലയാളം കടന്നു തമിഴിലേക്ക് എത്തിയിരിക്കുകയാണു മഞ്ജു. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം ‘അസുരനി’ലൂടെയാണ് മഞ്ജു തമിഴിലേക്ക് എത്തുന്നത്‌.

അഭിനയത്തിനു പുറമെ സംവിധാനത്തിലേക്കും കടക്കുകയാണ് മധു വാര്യർ. നടനും നിർമ്മാതാവുമായ മധു വാര്യരുടെ ആദ്യ സംവിധാനസംരംഭത്തിൽ നായികയാവുന്നത് അനിയത്തി മഞ്ജുവാര്യർ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. ബിജു മേനോനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

“ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹൻദാസ് ദാമോദരൻ നിർമ്മിച്ച് പ്രമോദ് മോഹന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു,” പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് മധുവാര്യർ കുറിച്ചതിങ്ങനെ.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook