സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വേദികളിലെ താരമായും കലാതിലകമായും ഉയർന്നുവന്ന താരമാണ് മഞ്ജു വാര്യർ. കലാലയ കാലത്തെ സന്തോഷമുള്ള ഒരോർമ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ് സെർച്ച് ആൻഡ് ട്രെയിനിംഗ് സ്കോളർഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളിൽ വന്ന റിപ്പോർട്ടിന്റെ കട്ടിംഗ് പങ്കുവയ്ക്കുകയാണ് താരം. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരിയ്ക്ക് അന്ന് പേര് യു വി മഞ്ജു എന്നാണ്.
ആ ഒമ്പതാം ക്ലാസുകാരിയിൽ നിന്നും മലയാളത്തിന്റെ ഏക ലേഡീ സൂപ്പർസ്റ്റാറായി മാറിയ മഞ്ജുവിന്റെ അഭിനയജീവിതം മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ്. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജുവാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടവും മഞ്ജു നേടിയിരുന്നു.
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജുവാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയത്തിരക്കിനിടയിലും നൃത്തപരിപാടികൾക്കുള്ള സമയം കണ്ടെത്താറുണ്ട്.
Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ