തിരിച്ചു വരവിന് ശേഷം മഞ്‌ജു വാര്യർക്ക് കൈനിറയെ ചിത്രങ്ങളാണ്. വ്യത്യസ്തവും ശക്തവുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടം നേടി കൊണ്ടിരിക്കുകയാണ് ഈ നടി. തന്റെ പുതിയ ചിത്രത്തിൽ കൂടെ അഭിനയിക്കാൻ കുട്ടികളെ ക്ഷണിക്കുകയാണ് മഞ്ജു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മലയാളിത്തമുളള പെൺകുട്ടികളെയും ആൺകുട്ടികളെയുമാണ് തേടുന്നത്. മഞ്‌ജുവിനൊപ്പമഭിനയിക്കാൻ ഒരപൂർവ്വ അവസരമാണ് 13 നും 15നും ഇടയിൽ പ്രായമുളള കുട്ടികൾക്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്‌ജു പുതിയ ചിത്രത്തിന്റെ വിശേഷം പങ്ക് വെച്ചിരിക്കുന്നത്.

പ്രത്യേകതകൾ ഒരു പാടുണ്ട് അണിയറയിൽ ഒരുങ്ങുന്ന ഈ പേരിടാത്ത ചിത്രത്തിന്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിരവധി പേർ ഒന്നിക്കുന്ന ഒരു ചിത്രമാണിത്.

ചിത്രത്തിന്റെ വലിയൊരു ഹൈലൈറ്റ് നിർമാതാക്കളാണ്. കാഴ്‌ചയുടെ പുതിയ വിസ്മയം തീർത്ത ചാർളിയുടെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. 2015 ൽ ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാർളി. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജും ഷെബിൻ ബെക്കറുമായിരുന്നു ചാർളിയുടെ നിർമാതാക്കൾ. ഇതിലെ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് മഞ്‌ജു നായികയാവുന്ന ചിത്രം നിർമ്മിക്കുന്നത്.

Manju, Maartin Prakatt

നവാഗതനായ പ്രവീൺ സി. ജോസഫാണ് ഈ പേരിടാത്ത മഞ്‌ജു ചിത്രത്തിന്റെ സംവിധായകൻ. നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. അനുരാഗകരിക്കിൻ വെളളമെന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവീൻ.

കെയർ ഓഫ് സൈറ ബാനുവാണ് മഞ്‌ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷെയ്‌ൻ നിഗം, അമല അക്കിനേനി എന്നിവരാണ് സൈറ ബാനുവിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ