മലയാള സിനിമ താരങ്ങള്‍ക്ക് റേഞ്ച് റോവറിനോടുള്ള ഇഷ്ടം കൂടുന്നു. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ശേഷം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും റേഞ്ച് റോവര്‍ സ്വന്തമാക്കി. റേഞ്ച് റോവര്‍ വേളാറാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു സ്വന്തമാക്കിയത്. ഏകദേശം 75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേളാര്‍.

2017ൽ രാജ്യാന്തര വിപണിയിലെത്തിയ വേളാർ ആ വർഷം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. പെട്രോൾ, ഡീസല്‍ എൻജിനുകളിൽ ലഭിക്കുന്ന ഈ ആഡംബര എസ്‍യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്. രണ്ടു ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാണ് വേളാർ വിൽപനയ്ക്കുള്ളത്.

അത്യാധുനിക സജ്ജീകരണങ്ങൾ അടങ്ങിയ വേളാർ സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വേളാറിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 201 കിലോമീറ്ററാണ്. പുതിയ കാർ സ്വന്തമാക്കിയ ശേഷം മഞ്ജു ഡ്രെെവ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

നടി മഞ്ജു വാര്യരുടെ 41-ാം ജന്മദിനമാണിന്ന്. പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരമായാണ് മഞ്ജു റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഏറെ ആരാധകരുള്ള മഞ്ജുവിന് നിരവധി പേരാണ് ഇതിനോടകം ജന്മദിനാശംസകൾ നേർന്നത്. സിനിമാ താരങ്ങളും മഞ്ജുവിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook