ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ബൈക്ക് കീ കൈമാറുന്ന വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ടു. ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ആരാധകര്‍ക്കായി വീഡിയോ പങ്കിട്ടത്.
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം.
ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടറാഡ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.