scorecardresearch
Latest News

മധുവാര്യർ സംവിധായകനാവുന്ന ചിത്രത്തിൽ മഞ്ജു നായിക; നായകൻ ബിജു മേനോൻ

നടനും നിർമാതാവുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം

മധുവാര്യർ സംവിധായകനാവുന്ന ചിത്രത്തിൽ മഞ്ജു നായിക; നായകൻ ബിജു മേനോൻ

മലയാള സിനിമയിൽ മറ്റൊരു നടൻ കൂടി സംവിധാനത്തിലേക്ക് കടക്കുകയാണ്. നടി മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. നടനും നിർമ്മാതാവുമായ മധു വാര്യരുടെ ആദ്യ ചിത്രത്തിൽ നായികയാവുന്നത് അനിയത്തി മഞ്ജുവാര്യർ തന്നെയാണെന്നതാണ് കൗതുകം. ബിജു മേനോനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മധുവാര്യർ തന്നെയാണ് ഈ വിശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.

“ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹൻദാസ് ദാമോദരൻ നിർമ്മിച്ച് പ്രമോദ് മോഹന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു,” മധു വാര്യർ കുറിക്കുന്നു.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നാൽപ്പത്തിയൊന്നി’ൽ അഭിനയിക്കുകയാണ് ബിജു മേനോൻ​ ഇപ്പോൾ. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയിൽ നിമിഷ സജയനാണ് നായിക. നവാഗതനായ പ്രഗീഷ് പി ജി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഏറെ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ.

Read more: Malayalam Actor Biju Menon Interview: ഇമേജിനെ ഭയമില്ല: ബിജു മേനോൻ

അതേസമയം, ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’മാണ് മഞ്ജുവാര്യരുടെ പുറത്തിറങ്ങാനുള്ള ചിത്രം. വെട്രിമാരൻ- ധനുഷ് ചിത്രം ‘അസുരൻ’ ആണ് മറ്റൊരു മഞ്ജു ചിത്രം. മലയാളേതര ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടുവെപ്പാണ് ‘അസുരൻ’. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. ധനുഷിന്റെ ഭാര്യാവേഷമാണ് മഞ്ജുവിന് എന്നാണ് മറ്റൊരു റിപ്പോർട്ട്.

Read more: മമ്മൂക്കയ്ക്ക് ഒപ്പം ഒരു ചിത്രമെന്നത് എന്റെ സ്വപ്നമാണ്: മഞ്ജു വാര്യർ

“ഇതാണ് (കഥയുടെ) ഐഡിയ എന്ന് ഞാന്‍ അവരോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു വരാന്‍ തയ്യാറായി. സ്പോട്ടില്‍ വന്നു ഉത്സാഹത്തോടെ ഷൂട്ടിംഗ് തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ കരവാനിലെക്ക് മടങ്ങി പോവുകയുള്ളൂ. മലയാളത്തിലെ മുന്‍നിര നടി എന്നൊക്കെയുള്ള ഭാവമൊന്നുമില്ലാതെ, തികഞ്ഞ സ്നേഹത്തോടെയും സഹകരണത്തോടെയുമാണ്‌ മഞ്ജു ഇടപെടുന്നത്. മനോഹരമായി അഭിനയിച്ചിട്ടുണ്ട് അവര്‍ ഈ ചിത്രത്തില്‍. ആ കഥാപാത്രത്തെ മഞ്ജുവോളം നന്നായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല,”, മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് വെട്രിമാരന്‍ പറഞ്ഞതിങ്ങനെ.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier biju menon madhu warriers directorial debute movie