മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ ഒരു നടി മാത്രമല്ല നർത്തകി കൂടിയാണെന്ന കാര്യം അറിയാത്തവർ കുറവായിരിക്കും.കുറച്ചധികം വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും നൃത്ത വേദിയിലെത്തിയിരിക്കുകയാണ്. ‘രാധേ ശ്യാം’ എന്ന ഡാൻസ് ഡ്രാമയിൽ ശ്രീകൃഷ്നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടെയും കൃഷ്ണന്റെയും പ്രണയമാണ് ഡാൻസ് ഡ്രാമയുടെ പ്രമേയം.സൂര്യ ഫിലിം ഫെസ്റ്റിവൽ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.
മഞ്ജു കൃഷ്ണനായി വേദിയിൽ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. അനവധി താരങ്ങൾ ചിത്രങ്ങൾക്കു താഴെ മഞ്ജുവിനു അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ആയിഷയിൽ നിന്ന് കൃഷ്ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്.
കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടായിരുന്നു.
മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. ആമിൽ പള്ളിയ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. അജിത്തിനൊപ്പമുള്ള ‘തുനിവാ’ണ് മഞ്ജുവിന്റെ ഈയടുത്തിറങ്ങിയ മറ്റൊരു ചിത്രം. സൗബിൻ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന ‘വെള്ളരിപട്ടണമാ’ണ് താരത്തിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.