മലയാളത്തിന്റെ പ്രിയ നായിക മഞ്‌ജു വാര്യർ ബോളിവുഡിലും ഉടൻ അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഞ്‌ജു ഇതേ പറ്റി സൂചന നൽകുന്നത്.

അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മഞ്‌ജുവും അനുരാഗ് കശ്യപും ഒന്നിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രം അങ്കമാലി ഡയറീസ് കണ്ടിരുന്നു. അതേ കുറിച്ച് മഞ‌്‌ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് അനുരാഗ് കശ്യപിന്റെയൊപ്പം ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന സൂചന നൽകുന്നത്. ബോളിവുഡിലെ പ്രശസ്‌ത സംവിധായകനും നിർമാതാവുമാണ് അനുരാഗ് കശ്യപ്.

“എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ (അനുരാഗ് കശ്യപ്) ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു… ” ഇതാണ് അനുരാഗ് കശ്യപ് സിനിമയെക്കുറിച്ച് മഞ്‌ജു നൽകുന്ന സൂചന.

സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തോടൊപ്പമുളള ചിത്രം പങ്ക് വെച്ച് കൊണ്ട് മഞ്‌ജു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Manju Warrier,Anurag Kashyap

മഞ്‌ജു വാര്യർ ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച ചിത്രം

തന്റെ സ്വപ്‌നം സഫലമായെന്നാണ് മഞ്ജുവിനെ കണ്ടതിനെക്കുറിച്ച് അനുരാഗ് പറഞ്ഞത്. അങ്കമാലി ഡയറീസ് വിസ്‌മയിപ്പിച്ചുവെന്നും അനുരാഗ് സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞു.

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രത്തിൽ അനുരാഗ് കശ്യപ് പ്രവർത്തിക്കുന്നുണ്ട്.

മഞ്‌ജു പ്രധാന കഥാപാത്രമായെത്തിയ കെയർ ഓഫ് സൈറ ബാനു തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മോഹൻലാൽ നായകനാവുന്ന ബി.ഉണ്ണികൃഷ്‌ണൻ ചിത്രം വില്ലനാണ് മഞ്‌ജുവിന്റെ പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ