യാത്രകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് പല അഭിമുഖങ്ങളിലും മഞ്ജുവാര്യർ സംസാരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ് താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത് ആ യാത്രയ്ക്കിടയിലാണെന്ന് തുറന്നു പറഞ്ഞ മഞ്ജു അടുത്തിടെ ഒരു ടൂവീലര്‍ ലൈസന്‍സ് നേടുകയും പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, താജ് മഹലിന് അരികിൽ നിന്നുള്ളൊരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. “ഇത്രയും ലോകം, വളരെ കുറച്ച് സമയം,” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

താജ് മഹലിന്റെ പശ്ചാത്തലത്തിൽ ഭാര്യ സൗമ്യയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം രമേഷ് പിഷാരടിയും ഷെയർ ചെയ്തിട്ടുണ്ട്.
അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച പോസ്റ്റിലും ചാക്കോച്ചന്റെ കുടുംബത്തോടൊപ്പം രമേഷ് പിഷാരടിയേയും മഞ്ജുവാര്യരേയും കാണാം. താജ്മഹലിനരികിൽ നിന്നുള്ള അമ്മയുടെ ചിത്രവും ചാക്കോച്ചൻ പിറന്നാൾ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയുടെയും കുടുംബത്തിനൊപ്പമായിരുന്നു മഞ്ജുവിന്റെ ആഗ്ര യാത്ര എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.