ബാലതാരമായെത്തി പിന്നീട് നായികയായും സംവിധായികയായുമൊക്കെ മലയാളസിനിമാലോകത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് ഗീതു മോഹൻദാസ്. ഗീതുവിന്റെ നാൽപ്പതാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകൾ നേരുകയാണ് മഞ്ജു വാര്യരും സംവിധായിക അഞ്ജലി മേനോനും.
“ജന്മദിനാശംസകൾ ഗീതു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ അപ്രൂവൽ ലഭിച്ച പുതിയ ക്യാപ്ഷനുകളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഈ വർഷവും ഞാൻ BFFLWYLIONൽ തുടരുന്നു,” എന്നാണ് മഞ്ജു കുറിച്ചത്. മുൻപ് ഗീതുവിന് ആശംസകൾ നേർന്നുകൊണ്ട് മഞ്ജു പങ്കുവച്ച ആശംസാകുറിപ്പിലെ BFFLWYLION പരാമർശം ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് (Best Friend For Life Whether You Like It Or Not ) എന്നതിന്റെ ചുരുക്കെഴുത്താണ് BFFLWYLION എന്നത്.
“നിങ്ങൾ നൽകുന്നതും വഴക്കുണ്ടാക്കുന്നതും രോഷാകുലയാകുന്നതും പുഞ്ചിരിക്കുന്നതും ആക്രോശിക്കുന്നതും വീണ്ടും ചിരിക്കുന്നതും… നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടി തീവ്രമായി നിലകൊള്ളുന്നതും ഞാൻ കാണുന്നു. അത് പ്രചോദനം നൽകുന്നതാണ്! ഒത്തിരി സ്നേഹം,” എന്നാണ് അഞ്ജലി മേനോൻ കുറിച്ചത്.
ഗായത്രി ദാസ് എന്നാണ് ഗീതുവിന്റെ യഥാർത്ഥ പേര്. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഗീതുവെന്ന സ്ക്രീൻ പേര് സ്വീകരിക്കുന്നത്. അഞ്ചാം വയസ്സിലാണ് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിൽ ഗീതു അഭിനയിക്കുന്നത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ഗീതുവാണ്. ഒരിടവേളയ്ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഗീതു, പിന്നീടൊരുപാട് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, അകലെ എന്നിവയൊക്കെ ഗീതുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ‘അകലെ’യിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള 2004ലെ കേരള സംസ്ഥാന പുരസ്കാരവും ഗീതു സ്വന്തമാക്കി.
അഭിനയ രംഗത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന ഗീതു പിന്നീട് സംവിധായിക എന്ന നിലയിലും പേരെടുത്തു. ഗീതു സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗീതു സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളും ഏറെ അംഗീകരിക്കപ്പെട്ട ചിത്രങ്ങളാണ്.
2009 നവംബർ 14ന് പ്രശസ്ത സിനിമോട്ടോഗ്രാഫറും സംവിധായകനുമായ രാജീവ് രവിയെ ഗീതു വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ആരാധന എന്നൊരു മകളാണ് ഉള്ളത്.