നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തുള്ളവര്‍ തന്നെ മൂത്തോന്‍ നല്‍കിയ അനുഭവത്തെ കുറിച്ച് ഏറെ പുകഴ്ത്തുകയാണ്. ‘മൂത്തോന്‍’ മികച്ച സിനിമാ അനുഭവമാണെന്ന് നടി മഞ്ജു വാരിയറും പറയുന്നു.

Read Also: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി

കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘മൂത്തോന്‍’ എന്ന് മഞ്ജു വാരിയര്‍ പറഞ്ഞു. പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹൻദാസ് മൂത്തോനിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോൻ’ കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ മഞ്ജു വാരിയർ പറഞ്ഞു.

ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയേറ്ററുകളിലെത്തിയത്. നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്.

Read Also: മൂക്കാതെ പൊലിഞ്ഞ മൂത്തോന്റെ പ്രണയം

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേഴ്സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook