മോഹൻലാലിനൊപ്പം പുതിയൊരു ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷം പങ്ക് വെച്ച് മഞ്‌ജു വാര്യർ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മഞ്‌ജു പങ്ക് വെച്ചിരിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് മഞ്‌ജുവും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. ബി. ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന വില്ലനിലും മഞ്‌ജുവാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്.

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്‌ത പരസ്യ സംവിധായകനായ വി.എ.ശ്രീകുമർ മേനോനാണ്. പ്രകാശ് രാജാണ് വില്ലനായെത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്‌ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും ഒടിയൻ.

Read More: അമിതാബ് ബച്ചൻ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കുമോ? മലയാളത്തിലെ ചെലവേറിയ ചിത്രം ഒടിയൻ വരുന്നു

“ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ കഥാപാത്രങ്ങളിലൊന്നാകും ഒടിയൻ. അത്രമേൽ വൈകാരികവും സാഹസികവുമാണ് ഇതിന്റെ കഥ”യെന്ന് മഞ്‌ജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച് സാങ്കേതികപ്രവർത്തകർ ഒരുമിക്കുന്ന ഒടിയനിലെ നായികാ വേഷം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും മഞ്‌ജു പറയുന്നു.

മഞ്‌ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ചിത്രത്തിന്റെ സന്തോഷം കൂടി പങ്കു വയ്ക്കുന്നു. പേര് ‘ഒടിയൻ’. ലാലേട്ടനാണ് നായകൻ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ആശിർവാദ് സിനിമാസിനു വേണ്ടി ആൻറണി പെരുമ്പാവൂരാണ് നിർമാണം. വി.എ.ശ്രീകുമാർ മേനോൻ സംവിധാനവും ഹരികൃഷ്ണൻ രചനയും നിർവഹിക്കുന്നു. ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ കഥാപാത്രങ്ങളിലൊന്നാകും ഒടിയൻ. അത്രമേൽ വൈകാരികവും സാഹസികവുമാണ് ഇതിന്റെ കഥ. തെന്നിന്ത്യൻ സിനിമയിലെ ശക്തനായ നടൻ പ്രകാശ് രാജ് പ്രതിനായകനായി ഈ ചിത്രത്തിൽ ഉണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികവുറ്റ സാങ്കേതികവിദഗ്ദ്ധർ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ. ഇതിലെ നായികാ വേഷം ഏറെ വെല്ലുവിളികളിൽ നിറഞ്ഞതാണ്.

odiyan, mohanlal

കടപ്പാട്: ഫെയ്‌സ്ബുക്ക്

പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളാണ് ഒടിയന്റെ ലൊക്കേഷൻ. മെയ് 25ന് ചിത്രീകരണം തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ