മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ജോഡികളില്‍ ഒന്നാണ് മോഹന്‍ലാല്‍-മഞ്ജു വാരിയര്‍. ഇരുവരും ഒന്നിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ആറാം തമ്പുരാന്‍’. രണ്ടുപേരും തകര്‍ത്തഭിനയിച്ച ആറാം തമ്പുരാനില്‍ ഉണ്ണിമായ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ആറാം തമ്പുരാനില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് 18 വയസ് തികഞ്ഞതെന്ന് മഞ്ജു വാരിയര്‍ പറയുന്നു. ക്ലബ് എഫ്എമ്മിലെ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

Read Also: കാഴ്ച മറയും മുൻപ് കവിത ആഗ്രഹിച്ചത് പ്രിയതാരത്തെ കാണാൻ; ചേർത്തുനിർത്തി പൃഥ്വിരാജ്

മഞ്‌ജു വാരിയർ അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം അമ്പലത്തില്‍നിന്നു തൊഴുതിറങ്ങി വരുന്ന രംഗമുണ്ട്. മഞ്ജു വാരിയർ അമ്പലത്തിൽ നിന്നു പുറത്തിറങ്ങുമ്പോഴാണ് മോഹൻലാലിന്റെ കഥാപാത്രം അവിടെ എത്തുന്നത്. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു തന്റെ 18-ാം ജന്മദിനമെന്ന് മഞ്ജു വാരിയർ പറയുന്നു. ‘ഇതാര്? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ’ എന്നാണ് മോഹൻലാലിന്റെ കഥാപാത്രം അമ്പലത്തിൽ നിന്ന് ഇറങ്ങി വരുന്ന മഞ്ജുവിനോട് ചോദിക്കുന്നത്.

18 വയസായ ദിവസമാണ് ആ സീനിൽ അഭിനയിച്ചത്. പക്ഷേ, അന്ന് ആർക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു. ആരോടും പറഞ്ഞില്ല. അതുകൊണ്ട് തന്നെ സെറ്റിൽ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാരിയർ പറഞ്ഞു.

ആദ്യമായി നായികാവേഷത്തിലെത്തിയ സല്ലാപത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 16 വയസ്സായിരുന്നുവെന്ന് മഞ്ജു പറയുന്നു. ജയറാമിന്റെ ഭാര്യയായി അഭിനയിച്ച സിനിമയാണ് കളിവീട്. അതിൽ, അഭിനയിക്കുമ്പോൾ തന്റെ പ്രായം  17 മാത്രമായിരുന്നു എന്നും മഞ്ജു വാരിയർ പറയുന്നു. കളിവീട് എന്ന സിനിമയിൽ മറ്റൊരു വേഷമാണ് ആദ്യം പറഞ്ഞതെന്നും പിന്നീട് ഭാര്യയുടെ വേഷം ഇഷ്ടപ്പെട്ടപ്പോൾ സിബി മലയിൽ തനിക്ക് അത് നൽകിയതാണെന്നും മഞ്ജു വെളിപ്പെടുത്തി.

മമ്മൂട്ടിക്കൊപ്പം ആദ്യമായി സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് താനെന്ന് മഞ്ജു പറഞ്ഞു. ഒരുപാട് നാളായുള്ള ആഗ്രഹം സഫലമാകാൻ പോകുകയാണെന്ന് മഞ്ജു പറഞ്ഞു. തന്റെ ഏറെ നാളായുള്ള സ്വപ്നം പൂവണിയുന്നുവെന്നാണ് മമ്മൂക്കയ്‌ക്ക് ഞാൻ മെസേജ് അയച്ചത്. അതിനു ചിരിക്കുന്ന ഒരു മറുപടിയാണ് മമ്മൂക്ക തന്നതെന്നും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook