സ്വപ്നങ്ങൾ പിന്തുടരാൻ പ്രായമൊരു പ്രശ്നമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ. രണ്ടു വർഷം മുൻപായിരുന്നു ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ, മോഹിനിയാട്ടത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ.
“ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു മുന്നിൽ പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി അമ്മേ. ജീവിതത്തിന്റെ 67-ാം വർഷത്തിൽ നിങ്ങൾ ഇത് ചെയ്തു, എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു!,” അമ്മയുടെ അരങ്ങേറ്റചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് മഞ്ജു വാര്യർ കുറിച്ചതിങ്ങനെ.
2021 മാർച്ച് മാസത്തിൽ കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് അന്ന് ഗിരിജ മാധവൻ അവതരിപ്പിച്ചത്.
ഒന്നര വർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ മാധവൻ. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.
ഒരർത്ഥത്തിൽ, അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.