മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. ‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. പുതിയ ചിത്രമായ ‘ടീച്ചറി’ന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലെത്തിയ മഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ആരാധിക മഞ്ജുവിനെ കാണുമ്പോൾ വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നും അവർ ഒരു ചോദ്യം ചോദിക്കാനായി ആഗ്രഹിക്കുന്നുവെന്നും അവതാരക പറയുന്നതായി കാണാം. എന്നാൽ മഞ്ജുവിന് സർപ്രൈസ് നൽകാനായി വീഡിയോ കോളിൽ വരുന്നത് മകൾ ദയയാണ്. മകളെ കണ്ട് ഞെട്ടിയിരിക്കുന്ന മഞ്ജുവിനെ ദൃശ്യങ്ങളിൽ കാണാനാകും.” ഇപ്പോൾ എനിക്ക് 20 വയസ്സുണ്ട്. അമ്മ എന്റെ ഈ പ്രായത്തിലായിരുന്നപ്പോൾ എങ്ങനെയായിരുന്നെന്ന” ചോദ്യവും മകൾ ചോദിക്കുന്നുണ്ട്. താൻ മകളെ പോലെയായിരുന്നില്ലെന്നും അവൾ അഭിപ്രായവും, വ്യക്തി സ്വാതന്ത്ര്യവുമുളള ഒരു കുട്ടിയാണെന്നുമാണ് മഞ്ജു മറുപടി പറയുന്നത്. നടി അമല പോളും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ടീച്ചർ’. വിവേകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്.ഹക്കിം, മഞ്ജു പിള്ള, മാലാ പാർവതി, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.