scorecardresearch
Latest News

ഞങ്ങൾ വേർപിരിഞ്ഞെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?; പൊട്ടിത്തെറിച്ച് മഞ്ജു പത്രോസ്

സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ മഞ്ജു പത്രോസ്.

Manju Pathrose, Artist, Family

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു പത്രോസ് പേരു നൽകിയിരിക്കുന്നത്. ബ്ലാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചത്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യാമങ്ങളോടാണ് തന്റെ ചോദ്യമെന്ന് മഞ്ജു പോസ്റ്റിൽ പറയുന്നു. ഒരുപാട് നാളത്തെ വീടെന്ന സ്വപ്നം താൻ നേടിയത് ചോര നീരാക്കി കഷ്ടപ്പെട്ടിട്ടാണെന്നും ഈ പോസ്റ്റ് പങ്കുവയ്ക്കുന്നത് തന്നെ സ്നേഹിക്കുന്നവർക്കായല്ല മറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയാണെന്നും മഞ്ജു കുറിച്ചു.

“വളരെ ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാൻ എഴുതുന്നത്… ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന എൻറെ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതല്ല.. കാരണം അവർക്കൊക്കെ എന്നെ മനസ്സിലാകും… മറിച്ച് ഇവിടെ അന്യായ കസർത്തുകൾ കാണിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ്.. നിങ്ങൾ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ?
മരിക്കാത്തവനെ കൊന്നും ഡിവോഴ്‌സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമ്മം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ… ഒരു മുറിയും ഒരു ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട് … ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട്…” മഞ്ജു കുറിച്ചു.

“ബാങ്കിൽനിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ… നിങ്ങളാണോ എൻറെ വീട്ടിൽ കോടികൾ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ.. സുനിച്ചനെ ഡിവോഴ്‌സ് ചെയ്തു പോലും.. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം? അടുത്ത നിങ്ങളുടെ പ്രശ്നം എൻറെ കൂട്ടുകാരിയാണ്…. എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാൻ വെച്ച വീട്ടിൽ വരുമ്പോൾ നിങ്ങൾക്കൊക്കെ എവിടെയാണ് പൊള്ളുന്നത്? അവൾ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടിൽ വരും.. അതിൻറെ അർത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ?”

താൻ ഈ കത്തെഴുതുന്നത് ഇത്തരം വ്യാജ വാർത്തകൾക്ക് ഇരയാക്കപ്പെടുന്നവർക്ക് കൂടിയാണെന്നും മഞ്ജു പറയുന്നു. എന്നാൽ എല്ലാ ഓൺലൈൻ മാധ്യമങ്ങളും വ്യാജ വാർത്ത പറഞ്ഞ് ആക്ഷേപിക്കുന്നവരല്ലെന്നും താരം കൂട്ടിച്ചേർത്തു. കുറിപ്പിന്റെ അവസാനം വനിതാദിനാശംസകളും മഞ്ജു അറിയിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju pathrose against fake news about her relationship with husband