ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളും നടിയുമായാണ് മഞ്ജിമ മോഹൻ. ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായി തിരിച്ചുവരുന്നത്. പിന്നീട് തമിഴ് ചിത്രങ്ങളിലാണ് മഞ്ജിമ കൂടുതലും അഭിനയിച്ചത്. മഞ്ജിമയുടെ അച്ഛൻ വിപിൻ മോഹന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മഞ്ജിമയ്ക്ക് പേരിട്ടത് തിക്കുറിശ്ശി സുകുമാരൻ നായരാണെന്നാണ് വിപിൻ മോഹൻ പറയുന്നത്. “സമൂഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ കൈയിൽ മേടിച്ചത് തിക്കുറിശ്ശി അമ്മാവാനായിരുന്നു. ഇവൾക്ക് മഞ്ജിമ എന്ന് പേരിട്ടാൽ മതിയെന്ന് അമ്മാവൻ പറഞ്ഞു. ഞാൻ വേറെ പേരാണ് വിചാരിച്ചിരുന്നത്”വിപിൻ മോഹൻ പറഞ്ഞു. തിക്കുറിശ്ശി കുറെ താരങ്ങൾക്ക് പേരിട്ടിട്ടുണ്ടെന്നും വിപിൻ മോഹൻ പറയുന്നുണ്ട്. പ്രേം നസീർ, ബഹദൂർ, പ്രിയദർശൻ എന്നിവർക്ക് പേരിട്ടതു തിക്കുറിശ്ശി സുകുമാരൻ നായരാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 28 നായിരുന്നു താരങ്ങളായ മഞ്ജിമ മോഹൻ, ഗൗതം കാർത്തിക് എന്നിവരുടെ വിവാഹം. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു.സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണു വിശാലിന്റെ ‘എഫ്ഐആറി’ൽ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.