നിവിൻ പോളിയുടെ പുതിയ ചിത്രമായ ‘മിഖായേലി’ല്‍ മഞ്ജിമ മോഹന്‍ നായികയായി എത്തും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു.

മഞ്ജിമയും നിവിനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ എഴുതി പ്രജിത്ത് സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുന്‍പ് ഒന്നിച്ചഭിനയിച്ചത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ‘ഗാർഡിയൻ ഏയ്ഞ്ചൽ’ എന്ന ടാഗ്‌ലൈനോടെയാണ് ‘മിഖായേൽ’ അവതരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അണിയറ വാർത്തകൾ. എന്നാൽ ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ദേശീയ അവാർഡ് ജേതാവായ ജെഡി ചക്രവർത്തി, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Read More: ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’, ‘മിഖായേൽ’: രണ്ടു മലയാള ചിത്രങ്ങള്‍ക്ക് ഇന്ന് തുടക്കമായി

ബാലതാരമായെത്തി നായികയായി വളർന്ന താരമാണ് മഞ്ജിമ മോഹൻ. ‘ഒരു വടക്കൻ സെൽഫി’ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ മഞ്ജിമ പിന്നീട് തമിഴിലേക്ക് ചേക്കേറി. ‘അച്ചം എന്‍മ്പത് മദമയെടാ’ എന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതേത്തുടര്‍ന്ന് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും വേഷമിട്ട മഞ്ജിമ ഇപ്പോള്‍ എന്‍ടിആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ക്വീനി’ന്റെ മലയാളം പതിപ്പായ ‘സംസം’ ആണ് മഞ്ജിമയുടെ അടുത്ത മലയാളം റിലീസ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ട്. കങ്കണ ചെയ്ത വേഷം മലയാളത്തില്‍ മഞ്ജിമയും തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവും അവതരിപ്പിക്കും. നാല് ഭാഷകളിലും ഒരേ സമയമാണ് ചിത്രീകരണം നടന്നത്.

Read More: പാരീസ് നഗരത്തില്‍ ആടിയും പാടിയും ‘ക്വീന്‍’ നായികമാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook