നടിമാരുടെ വസ്‌ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററിൽ പരാമർശം നടത്തിയയാൾക്ക് ചുട്ട മറുപടിയുമായി അഭിനേത്രി മഞ്‌ജിമ മോഹൻ. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്‌തായിരുന്നു മഞ്‌ജിമയുടെ പ്രതികരണം.

“നടിമാരുടെ നഗ്നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ അത് തെറ്റാണ് സാർ, ജനങ്ങള്‍ വരുന്നത് നല്ല സിനിമകള്‍ കാണാനാണ് അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് കാണാനല്ല ” മഞ്‌ജിമ ട്വിറ്ററിൽ കുറിച്ചു.

“അയാളുടെ സംസാരം എനിക്ക് ഇഷ്‌ടമായില്ല. സാധാരണ ഗതിയിൽ ഇങ്ങന പ്രതികരിക്കാറില്ല. ആ ട്വീറ്റ് എന്റെ ആത്മാഭിമാനത്തെ അപമാനിക്കുന്ന പോലെ തോന്നി. കൂടാതെ സിനിമാ ഇൻഡസ്‌ട്രിയെ മൊത്തത്തിൽ മോശമാക്കി സംസാരിക്കുന്ന പോലെയും തോന്നി. ഇത്തരത്തിലുളള പോസ്റ്റുകളും കമന്റുകളും ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ഒട്ടും ശരിയായി തോന്നിയില്ല. അത് കൊണ്ടാണ് പ്രതികരിച്ചത് ” മഞ‌്‌ജിമ മോഹൻ ഐഇ മലയാളത്തോട് പറഞ്ഞു.

മഞ്‌ജിമയുടെ ട്വീറ്റിന് നിരവധി പേർ പിന്തുണ പ്രഖ്യാപിച്ചതോടെ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തയാൾ പിൻവലിച്ചു. ബാലതാരമായെത്തി ഏവരുടെയും മനം കവർന്ന മഞ്‌ജിമ നായിക നിരയിലേക്ക് ഉയരുന്നത് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ്. ഉദയനിധി സ്റ്റാലിന്റെ സിനിമയുടെ ഡബ്ബിങ് തിരിക്കിലാണ് മഞ്‌ജിമയിപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ