scorecardresearch

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മഞ്ജിമയും ഗൗതവും

വിവാഹം ഇത്രയും മനോഹരമാക്കാൻ സഹായിച്ച വ്യക്തികൾക്ക് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മഞ്ജിമയും ഗൗതവും

നവംബർ 28 നായിരുന്നു താരങ്ങളായ മഞ്ജിമ മോഹൻ, ഗൗതം കാർത്തിക് എന്നിവരുടെ വിവാഹം. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ.

വിവാഹം ഇത്രയും മനോഹരമാക്കാൻ തങ്ങളെ സഹായിച്ച വ്യക്തികൾക്ക് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മഞ്ജിമയും ഗൗതവും. ഫൊട്ടൊഗ്രാഫർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവാഹത്തിന് മണ്ഡപം ഒരുക്കിയവർക്കും നന്ദി അറിയിക്കുന്നുണ്ട് ഇരുവരും. അനവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു. “ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവൾ ഓക്കെ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്,” ഗൗതം കാർത്തിക് പറഞ്ഞു.

സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആറി’ൽ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manjima mohan gautham karthik wedding photos