മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകരാണ് യേശുദാസും പി.ജയചന്ദ്രനും. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇരുവരുടെയും പാട്ടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും പഴയ സിനിമാ പാട്ടുകളാണ് ഭൂരിഭാഗം മലയാളികളും ആവര്‍ത്തിച്ചു കേള്‍ക്കുന്നത്.
ഗായകനെന്ന നിലയില്‍ തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഒരു സൂപ്പര്‍ഹിറ്റ് ഗാനം പാടാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത് യേശുദാസിനെ ആയിരുന്നു എന്ന് തുറന്നുപറയുകയാണ് പി.ജയചന്ദ്രന്‍. ദേവരാജന്‍ മാസ്റ്റര്‍ സ്വരപ്പെടുത്തിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ആലപിക്കാന്‍ യേശുദാസിനെ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് പി.ജയചന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Read Also: Bigg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്
1966 ല്‍ പുറത്തിറങ്ങിയ ‘കളിത്തോഴന്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഗാനമാണ് ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്നത്. പി.ജയചന്ദ്രന്‍ ആലപിച്ച ഈ ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസ്സില്‍ സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍, ‘കളിത്തോഴന്‍’ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ച ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം യേശുദാസിനെ കൊണ്ട് ആലപിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ജയചന്ദ്രന്‍ പറയുന്നു. ഇതേ സിനിമയിലെ തന്നെ ‘താരുണ്യം തന്നുടെ’ എന്ന പാട്ടാണ് തന്നെകൊണ്ട് പാടിക്കാനും ദേവരാജന്‍ മാസ്റ്റര്‍ തീരുമാനിക്കുകയായിരുന്നു എന്ന് ജയചന്ദ്രന്‍ പറയുന്നു.
‘താരുണ്യം തന്നുടെ’ എന്ന പാട്ടാണ് ഞാന്‍ പാടേണ്ടതെങ്കിലും ‘മഞ്ഞലയില്‍’ എന്ന പാട്ടും പഠിച്ചുവച്ചോ എന്ന് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ‘നല്ല പ്രാക്ടീസ് കിട്ടും’ എന്ന് പറഞ്ഞുകൊണ്ട് ആ പാട്ടും തന്നെ പഠിപ്പിക്കുകയായിരുന്നു ദേവരാജന്‍ മാസ്റ്റര്‍ എന്ന് ജയചന്ദ്രന്‍ പറയുന്നു. പക്ഷേ, ‘താരുണ്യം തന്നുടെ’ എന്ന പാട്ടിനു പിന്നാലെ മഞ്ഞലയില്‍ എന്ന പാട്ടും ദേവരാജന്‍ മാസ്റ്റര്‍ തന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു എന്നും ജയചന്ദ്രന്‍ പറയുന്നു. ആ പാട്ട് കേള്‍ക്കുമ്പോള്‍ അത് തനിക്കുവേണ്ടി തന്നെ ദേവരാജന്‍ മാസ്റ്റര്‍ സൃഷ്ടിച്ചതല്ലേ എന്ന് തോന്നാറുണ്ടെന്നും ഭാവഗായകന്‍ പറയുന്നു.