മണിയൻപിളള രാജുവിന്റെ മകനും യുവ നടനുമയ നിരഞ്ജ് മണിയൻപിളള രാജു വിവാഹിതനാകുന്നു. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. ഡിസംബറിൽ കൊച്ചിയിൽ വച്ചായിരിക്കും വിവാഹം. തുടർന്നുളള റിസപ്ഷൻ തിരുവന്തപുരത്ത് നടക്കും. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്.
‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരൻ’, ‘ഫൈനൽസ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാൻ തുളസീധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡിയർ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണൻ, ലാൽ,ശ്രീരേഖ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിർമ്മിക്കുന്നത്.
തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ നിരഞ്ജ് ഇംഗ്ലണ്ടിലെ സറയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻറർനാഷ്ണൽ മാർക്കറ്റിങ്ങിൽ മാസ്റ്റേഴ്സും നേടിയിട്ടുണ്ട്.