കാൻസർ ബാധിച്ച് ആശുപത്രിക്കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന കാലത്തെ ഒരു ഓർമച്ചിത്രമാണ് മനീഷ കൊയ്‌രാള തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം പുതിയൊരു ചിത്രം കൂടിയുണ്ട്, നേപ്പാളിലെ മഞ്ഞുമൂടിയ പർവതനിരകളുടെ മുകളിൽ നിൽക്കുന്ന മനീഷ.

Read More: ഞാൻ മദ്യത്തിൽ അഭയം തേടുകയായിരുന്നു: മനീഷ കൊയ്‌രാള

‘ജീവിതം നൽകിയ ഈ രണ്ടാമത്തെ അവസരത്തോടെ എന്നെന്നും നന്ദിയുണ്ട്. സുപ്രഭാതം സുഹൃത്തുക്കളെ, ഇതൊരു അത്ഭുതകരമായ ജീവിതവും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള അവസരവുമാണെ’ന്ന് മനീഷ ചിത്രത്തോടൊപ്പം കുറിച്ചു.

കാൻസർ ബാധിതയായിരുന്ന മനീഷ രോഗവുമായി മല്ലിട്ട് ഏറെ നാൾ നീണ്ട ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. വലിയ രോഗപർവം താണ്ടിനിൽക്കുമ്പോൾ പോയ‌്‌പ്പോയ അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാൻസർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ (Healed: How Cancer Gave Me a New Life) എന്ന പുസ്തകത്തിൽ മനീഷ കൊയ്‌രാള പറഞ്ഞിരുന്നു.

Read More: നിറപുഞ്ചിരിയോടെ കാന്‍സറിനെ നേരിട്ട കഥ: മനീഷ കൊയ്‌രാളയുടെ ‘ഹീല്‍ഡ്’

അസുഖം തന്റെ ജീവിതത്തിലേക്ക് ഒരു സമ്മാനം പോലെയാണ് കടന്നുവന്നതെന്നും തന്റെ കാഴ്ചകൾക്ക് കൂടുതൽ തെളിച്ചവും മനസിന് സ്‌പഷ്ടതയും കാഴ്ചപ്പാടുകൾക്ക് മാറ്റവും വരാൻ കാൻസർ കാരണമായെന്നുമാണ് മനീഷ പറയുന്നത്. ആറു വർഷങ്ങൾക്കു മുൻപാണ് കാൻസറിന്റെ പിടിയിൽനിന്നു മനീഷ മോചിതയായത്. രോഗം സമ്മാനിച്ച ആശങ്കകളും നിരാശയും അനിശ്ചിതത്വങ്ങളെയും രോഗം പഠിപ്പിച്ച പാഠങ്ങളെയുമെല്ലാം ഓർത്തെടുക്കുകയാണ് മനീഷ. അമേരിക്കയിലെ കാൻസർ ചികിത്സാ നാളുകളെക്കുറിച്ചും ചികിത്സ കഴിഞ്ഞ് വീടെത്തിയതിനു ശേഷം ജീവിതം എങ്ങനെ പുനർനിർമിച്ചു എന്നതിനെകുറിച്ചുമൊക്കെ പുസ്തകത്തിലൂടെ താരം തുറന്നുപറഞ്ഞിരുന്നു.

ഏഴു വർഷങ്ങൾക്കു മുൻപാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസറാണെന്ന് നിർണയിക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടോളം താൻ തന്റെ ശരീരത്തെ പീഡിപ്പിക്കുകയായിരുന്നെന്നും അതിന്റെ അനന്തരഫലമായിരുന്നു അസുഖമെന്നും മനീഷ വെളിപ്പെടുത്തുന്നു. “എന്റെ മോശം ലൈഫ്സ്റ്റൈൽ ആയിരുന്നു അസുഖങ്ങൾക്ക് പെട്ടെന്ന് ആക്രമിക്കാവുന്ന രീതിയിൽ എന്റെ ശരീരത്തെ ദുർബലമാക്കിയത്. കാൻസർ അല്ലെങ്കിൽ മറ്റേതെങ്കിലും അസുഖം എന്നെ പിടികൂടുമായിരുന്നു. തീർത്തും ഇരുണ്ട, ഏകാന്തമായ ഒരു രാത്രിയിൽ ഞാൻ അത്ഭുതത്തോടെ ആലോചിച്ചിട്ടുണ്ട്; ​എനിക്ക് സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ ഓർക്കുമ്പോൾ ഇതെത്ര നല്ലതായിരുന്നുവെന്ന്,” മനീഷ എഴുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook