തെന്നിന്ത്യയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മണിരത്‌നം-സന്തോഷ് ശിവന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകന്മാരില്‍ ഒരാളായ സന്തോഷ് ശിവനും പ്രശസ്ത സംവിധായകനുമായ മണിരത്നവും ചേര്‍ന്നൊരു സിനിമ എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരിക്കും. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദളപതി, രാവണന്‍, റോജ, ഇരുവര്‍, ദില്‍ സേ എന്നീ ചിത്രങ്ങളില്‍ ഇരുവരും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ദൃശ്യവിരുന്നായിരുന്നു. കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടു പോകുകയാണെങ്കില്‍ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. എ.ആര്‍.റഹ്മാനാകും ചിത്രത്തിന്റെ സംഗീതമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാം ചരണായിരിക്കും ചിത്രത്തിലെ നായകനെന്നും റിപ്പോർട്ടുകളുണ്ട്.

നിലവില്‍ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രം സ്‌പൈഡറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സന്തോഷ് ശിവന്‍. കാര്‍ത്തി നായകനായെത്തിയ തമിഴ് ചിത്രം ‘കാട്രുവെളിയിടു’ ആയിരുന്നു മണിരത്‌നം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ