തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ‘ഇരുവർ’ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ഈ പൊളിറ്റിക്കല്‍ ഡ്രാമയിലൂടെയായിരുന്നു ഐശ്വര്യറായ് എന്ന അഭിനേത്രി അരങ്ങേറ്റം കുറിച്ചത്. ഇരുവർ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്.
“ഇരുവർ, എന്റെ സിനിമാ യാത്രയിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്ന്,” എന്നാണ് മോഹൻലാൽ ഇരുവറിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
സിനിമാ വിദ്യാര്‍ഥികള്‍ക്ക്, സിനിമയുടെ സാങ്കേതിക വശങ്ങള്‍ ആസ്വദിച്ചു പഠിക്കാനുള്ള പാഠപുസ്തകങ്ങളിൽ ഒന്നാണ് ‘ഇരുവർ’. സമകാലിക ഇന്ത്യ കണ്ട പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ ഏറ്റവും മികച്ച വര്‍ക്കായും ‘ഇരുവര്‍’ വിലയിരുത്തപ്പെടുന്നു. അഭിനേത്രിയും സംവിധായികയും മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനിയാണ് ‘ഇരുവറി’ന്റെ സംഭാഷണം രചിച്ചത്. സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എ ആര്‍ റഹ്മാന്‍ ആയിരുന്നു ഇരുവറിലെ ഗാനങ്ങൾ ഒരുക്കിയത്.
മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ ദ്രാവിഡ് മുന്നേട്ര കഴഗം നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുമായി സാമ്യമുള്ള തമിഴ്ചെല്‍വന്‍ എന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെയും പരിഗണിച്ചിരുന്നുവെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. അതിനായി നടത്തിയ ലുക്ക് ടെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളും ഇടയ്ക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കറുത്ത കോട്ടും കറുത്ത ഷാളും ധരിച്ച് ‘വിന്റേജ്’ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Read more: നിങ്ങള്‍ക്കറിയാമോ, മമ്മൂട്ടിയുടെ ഈ ലുക്ക് ടെസ്റ്റ് ഏതു ചിത്രത്തിന് വേണ്ടിയെന്ന്?
1997ല്‍ ആണ് ‘ഇരുവർ’ റിലീസ് ചെയ്തത്. തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രം പറഞ്ഞ സിനിമയില്‍ എം ജി രാമചന്ദ്രനായി മോഹന്‍ലാലും കരുണാനിധിയായി പ്രകാശ് രാജുമെത്തിയപ്പോൾ ജയലളിതയുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് ഐശ്വര്യാ റായ് അവതരിപ്പിച്ചത്.










Read Here: സൂക്ഷ്‌മാഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘ഇരുവര്‍’ ആമസോണ്‍ പ്രൈമില്‍
Maniratnam’s Iruvar Starring Mohanlal-Prakash Raj, Aishwarya Rai Bachchan
തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’ ആണെന്ന് സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ ഒരവസരത്തില്‍ പറഞ്ഞിരുന്നു.
“ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ കാണുന്നു. ഇതു വരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവർ’ ആണ്. പ്രകാശ് രാജും താബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമോട്ടോഗ്രാഫർ എന്ന രീതിയിൽ സൗന്ദര്യാത്മകമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്,” ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞതിങ്ങനെ.