ഗോപാല്‍ രത്നം സുബ്രഹ്മണ്യം എന്ന ചെറുപ്പക്കാരന്‍ സിനിമയ്ക്കു വേണ്ടി ആദ്യം മാറ്റിയത് സ്വന്തം പേരാണ്. വീട്ടിലെ വിളിപ്പേരും അച്ഛന്‍റെ ലാസ്റ്റ് നെയിമും കൂടി ചേര്‍ന്ന ഒന്ന്. വിജയവും സമ്പത്തും ധ്വനിപ്പിക്കുന്ന ഒന്ന്.
അവിടെ തുടങ്ങി മൂന്ന് ദശകങ്ങള്‍. ഇന്ന് മണിരത്നം എന്ന് തികച്ചു പറയില്ല സിനിമാലോകം.
മണി സര്‍. ഇന്നുള്ളത് ആ ബിംബമാണ്.
ഏപ്രില്‍ 7ന് പുതിയ ചിത്രമായ കാട്ര് വെളിയിടൈ റിലീസ് ചെയ്യാനിരിക്കെ, തന്‍റെ സിനിമകള്‍ പോലെ തന്നെ മനോഹരവും, അര്‍ത്ഥവത്തും, വേറിട്ട് നില്‍ക്കുന്നതുമായ അദ്ദേഹത്തിന്‍റെ സിനിമാ പേരുകളിലൂടെ ഒരു കണ്ണോട്ടം.

പല്ലവി അനുപല്ലവി – രണ്ടു സ്ത്രീകളുമായുള്ള ബന്ധത്തിനിടയില്‍ പെട്ട് വീര്‍പ്പു മുട്ടുന്ന കഥാനായകന്‍. അതില്‍ ഒരു സ്ത്രീയുടെ പേര് അനു.

ഉണരൂ – കേരളത്തിലെ ട്രേഡ് യൂണിയന്‍ വിഷയങ്ങള്‍ പാശ്ചാത്തലമാക്കിയ സിനിമ. ഈനാട്, ഇനിയെങ്കിലും, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടി ദാമോദരന്‍ എഴുതിയത്.
പകല്‍ നിലവ് – പൊലീസുകാരന്‍റെ പെങ്ങളെ പ്രണയിക്കുന്ന ഗുണ്ടയാണ് നായകന്‍. ആ പ്രണയത്തിന്‍റെ സാധ്യതയിലായ്മ വെളിവാക്കുന്ന ടൈറ്റില്‍.
ഇദയക്കോവില്‍ – ഹൃദയമാകുന്ന ക്ഷേത്രം. ഒരു ഗായകനും മരണപ്പെടുന്ന അയാളുടെ രണ്ടു കാമുകിമാരും. ഇതിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘നാന്‍ പാടും മൗന രാഗം’ എന്ന വരികളില്‍ നിന്നും അടുത്ത സിനിമയുടെ ടൈറ്റില്‍.

മൗന രാഗം – ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ അനക്കവും ഒച്ചയുമില്ലാതെ, അവള്‍ പോലുമറിയാതെ നായികയില്‍ പടരുന്ന അനുരാഗത്തിന്‍റെ കഥ. ആദ്യം ദിവ്യ എന്ന നായികയുടെ പേരിലായിരുന്നു ചിത്രം.

നായകന്‍ – കമലഹാസന്‍ വേലു നായ്ക്കര്‍ എന്ന വരദരാജ മുതലിയാരായി വേഷമിടുന്ന സിനിമയ്ക്കു ഇതിലും യോജിച്ച മറ്റൊരു പേരുണ്ടാവില്ല.
അഗ്നിനക്ഷത്രം – ഒടുങ്ങാത്ത പരസ്പര സ്പര്‍ധയുമായി ജീവിക്കുന്ന രണ്ടു സഹോദരന്മാരുടെ കഥ. വേനലില്‍ സൂര്യന്‍ ഉച്ചസ്ഥായിയിലാവുന്ന ദിവസം എന്ന് കൂടി അര്‍ത്ഥമുണ്ട് അഗ്നി നക്ഷത്രത്തിന്. ഹിന്ദു മിത്തോളജി അനുസരിച്ച് മുരുഗന്‍ ശൂരസംഹാരത്തിന് ഇറങ്ങിയ ദിവസം.

ഗീതാഞ്ജലി – നായികയുടെ പേര്. മികച്ച ഗാനങ്ങളുള്ള ഒരു പ്രണയ കഥ ഒരര്‍ത്ഥത്തില്‍ ഗീതങ്ങള്‍ കൊണ്ടുള്ള അഞ്ജലിയുമാകുന്നു.
അഞ്ജലി – എന്ന പേരുള്ള ഒരു autistic കുട്ടിയുടെ കഥ.

ദളപതി – സേനാനായകന്‍ എന്നര്‍ത്ഥം. മഹാഭാരത്തിന്‍റെ മണി രത്നം വെര്‍ഷന്‍. മമ്മൂട്ടി ദുര്യോധനനായും സേനാനായകനായ കര്‍ണ്ണനായി രജനികാന്തും അഭിനയിച്ച ചിത്രം.
റോജ – നായികയുടെ പേര്. റോസ് എന്നതിന്‍റെ തമിഴ്.

തിരുടാ തിരുടാ – രണ്ടു കള്ളന്മാരുടെ കഥ.
ബോംബെ – അയോദ്ധ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അന്നത്തെ ബോംബെ നഗരത്തിലുണ്ടായ കലാപങ്ങളില്‍ പെട്ട ഒരു തമിഴ് കുടുംബത്തിന്‍റെ കഥ.

ഇരുവര്‍ – ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ, അധികാര ദ്വന്ദ യുദ്ധത്തിന്‍റെ കഥ.
ദില്‍ സെ – ഹൃദയത്തില്‍ നിന്ന്, ഏറ്റവും അപ്രതീക്ഷിതമായ സമയത്ത്, അനിയന്ത്രിതമായി ഉടലെടുക്കുന്ന ഒന്ന്. പ്രണയം.

അലൈപായുതേ – തിരയിളക്കം എന്നര്‍ത്ഥം. അതും പ്രണയത്തിന്‍റെ തന്നെ. അലൈപായുതേ കണ്ണാ എന്ന ശാസ്ത്രീയ സംഗീതഗാനത്തിന്‍റെ തുടക്കവും.
കന്നത്തില്‍ മുത്തമിട്ടാള്‍ – കവിളിലൊരുമ്മ എന്നാണ്. സുബ്രമണ്യ ഭാരതിയുടെ പ്രശസ്തമായ ‘ചിന്നഞ്ചിരു കിളിയെ’ എന്ന ഗാനത്തിലെ വരികള്‍.

ആയ്ത എഴുത്ത് – തമിഴ് സ്വരാക്ഷരങ്ങളില്‍ ഒടുവിലത്തേത്. അ മുതല്‍ ഔ വരെയുള്ള അക്ഷരങ്ങളെ ഉയിരെഴുത്ത് എന്നും ‘ஃ’ എന്ന അക്ഷരത്തെ ആയ്ത എഴുത്ത് എന്നും വിളിക്കുന്നു. അക്ഷരം പോലെതന്നെ മൂന്ന് ബിന്ദുക്കളിലാണ് സിനിമ നില്‍ക്കുന്നത്.

ഗുരു – ബിസിനസ് ഗുരു എന്നും വായിക്കാം, ധീരുഭായ് അംബാനിയുടെ ജീവിത കഥ പറയുന്ന ചിത്രം.
രാവണന്‍ – മണിരത്നം തന്‍റെ രാമായണത്തിന് പേരിട്ടത് ഇങ്ങനെ.
കടല്‍ – പൂക്കടൈ എന്നായിരുന്നു കടല്‍ പാശ്ചാത്തലമായി വരുന്ന ചിത്രത്തിന്‍റെ ആദ്യ പേര്

ഓ കെ കണ്മണി – പുതിയ കാല പ്രണയ കഥക്ക് നല്‍കിയ ലളിതമായ ടൈറ്റില്‍, തമിഴില്‍ ഓ കാതല്‍ കണ്മണി എന്നും തെലുങ്കില്‍ ഓക്കേ ബംഗാരം എന്നും.

കാട്ര് വെളിയിടൈ – സുബ്രമണ്യ ഭാരതിയുടെ പ്രശസ്തമായ കാവ്യത്തിന്‍റെ തുടക്കത്തില്‍ കാട്ര് വെളിയിടൈ എന്നാല്‍ ശൂന്യത എന്നാണ് അര്‍ത്ഥമാക്കുനത്. കാട്ര് വെളിയിടൈ കണ്ണമ്മാ ഉന്തന്‍ കാതലൈ എണ്ണി കഴിക്കിന്‍ട്രേന്‍ എന്നാല്‍ ഈ ശൂന്യതയില്‍ ഞാന്‍ നിന്‍റെ പ്രണയത്തെ തേടുന്നു എന്നാണ്. I miss you എന്നതിന്‍റെ കാവ്യാത്മകമാകമായ തമിഴ്.