സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തമിഴ്-തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം കാണാന്‍ കാത്തിരിക്കുന്നത് ഈ സംസ്ഥാനങ്ങളിലെ ആളുകള്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഉള്ള സിനിമാ ആരാധകരാണ്. അതിനു കാരണം ചിത്രത്തിന്റെ ബജറ്റോ അതില്‍ അഭിനയിക്കുന്നവരോ അതിന്റെ ഉള്ളടക്കമോ അല്ല. മണിരത്നം എന്ന സംവിധായകന്റെ ചിത്രമാണ് എന്നുള്ളത് കൊണ്ടാണത്. സമകാലിക ഇന്ത്യന്‍ സിനിമയിലെ സംവിധായകരിലെ സുപ്പര്‍ സ്റ്റാര്‍ ആരാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്ന ഒരു പേരേ ഉള്ളൂ, അത് മണിരത്നം എന്നാണ്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, സിലമ്പരസന്, വിജയ് സേതുപതി, അരുണ്‍ വിജയ്, ജയസുധ, ജ്യോതിക, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ്, അപ്പാനി ശരത് എന്ന് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമാണ് ‘നവാബ്’ എന്ന പേരില്‍ തെലുങ്കിലും റിലീസ് ചെയ്യുന്ന ഈ ചിത്രം.
Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ട്രെയിലര്‍
വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന ‘ചെക്ക ചിവന്ത വാന’ത്തെക്കുറിച്ചും മണി സാര്‍ എന്നറിയപ്പെടുന്ന മണിരത്നത്തിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചും ചിത്രത്തിലെ നായികമാര്‍ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ സംസാരിച്ചു. സിനിമാ അഭിനയത്തില്‍ നീണ്ട പരിചയമുള്ളവരും ഇല്ലാത്തവരുമായ ഈ നായികമാര്‍ എല്ലാം പറയുന്നത് ഒരു കാര്യം തന്നെയാണ്, ചിത്രത്തിലെ താരം സംവിധായകന് മണിരത്നം തന്നെ എന്ന്.
ജ്യോതിക
“ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത് തന്നെ അത് ഒരു മണിരത്നം സിനിമയാണ് എന്നുള്ളത് കൊണ്ടാണ്. ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എല്ലാ അഭിനേതാക്കള്‍ക്കും തന്റെ പ്രതിഭ തെളിയിക്കാന്‍ തക്കവണ്ണമുള്ള മൂന്നു സീനുകള്‍ ഉണ്ട്. മണിയെപ്പോലെ അത്രയും വലിയ ഒരു സംവിധായകന് മാത്രമേ, എല്ലാ അഭിനേതാക്കള്‍ക്കും തുല്യ സ്പേസ് കിട്ടുന്ന തരത്തിലുള്ള എഴുത്ത് സാധ്യമാവുകയുള്ളൂ എന്ന് തോന്നുന്നു.
ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കിയിരിക്കുമായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു, പ്രത്യേകിച്ച് സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവാണ് എന്നുള്ള കാര്യം കണക്കിലെടുക്കുമ്പോള്‍. സെറ്റില്‍ വളരെ ഊര്‍ജ്ജസ്വലനായ ഒരാളാണ് മണിരത്നം. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അഭിനേതാക്കളെ ഒരോരുത്തരെയും പ്രത്യേകം വിളിച്ചു വരുത്തി തിരക്കഥയിലെ ഞങ്ങളുടെ ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. ആ കഥാപാത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങള്‍ പറയണം എന്നാവശ്യപ്പെട്ടു. ഇത്രയും വലിയ ഒരാള്‍ ഇത്തരത്തില്‍ നിങ്ങള്‍ക്ക് സ്പേസ് തരുന്നത് വളരെ സുന്ദരമായ ഒരനുഭവമാണ്”, ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.
അദിതി റാവു ഹൈദരി
“കുട്ടിക്കാലത്ത് ധാരാളം സിനിമകള്‍ ഒന്നും കണ്ടിട്ടില്ല, പക്ഷേ ചെറിയ പെണ്‍കുട്ടിയായിരിക്കുമ്പോള്‍ ഒരു സ്വപ്നമുണ്ടായിരുന്നു. മണി സാറിന്റെ ബോംബെ കണ്ടത് മുതല്‍, അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായികയാവണം എന്ന്”, അദിതി റാവു ഹൈദരി ഐഎഎന്‍എസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ മണിരത്നം ചിത്രമായ ‘കാട്രു വെളിയിടൈ’യിലെ നായികയും അദിതി റാവു ഹൈദരി തന്നെയായിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്ത തന്നെ തേടി ഇത്തരം അവസരങ്ങള്‍ എത്തിയത് തന്റെ ഭാഗ്യമായി കരുതുന്നു എന്നും തന്നെ പ്രചോദിപ്പിക്കുന്ന, തനിക്കു ബഹുമാനം തോന്നുന്ന സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആണ് ആഗ്രഹമെന്നും അദിതി റാവു ഹൈദരി കൂട്ടിച്ചേര്‍ത്തു.
ഡയാന ഇറപ്പ
മോഡല്‍ ഡയാന ഇറപ്പയുടെ ആദ്യ ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’. മണിരത്നം ചിത്രങ്ങളായ ‘മൗനരാഗം’, അലൈപായുതേ, ദളപതി, റോജ എന്നീ ചിത്രങ്ങളുടെ ആരാധികയായ ഡയാന, ആ വലിയ സംവിധായകനൊപ്പം തുടക്കം കുറിക്കുന്നതിന്റെ സന്തോഷം ഐഎഎന്‍എസിനോട് പങ്കുവച്ചു.
“മുംബൈയിലെ ഓഡിഷന് കഴിഞ്ഞു ചെന്നൈയില്‍ ആയിരുന്നു അടുത്ത ഓഡിഷന്, അതും മണി സാറിനൊപ്പം. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു, എന്നെ തിരഞ്ഞെടുത്തു എന്ന്. നായികാ വേഷമാണ് എന്നൊന്നും ഞാന്‍ അപ്പോള്‍ കരുതിയിരുന്നില്ല. വളരെയധികം സന്തോഷം തോന്നി.
അദ്ദേഹത്തെപ്പോലെ ഒരു വലിയ സംവിധായകന്റെ ഓരോ നീക്കങ്ങളും എന്നെപ്പോലെ ഒരു പുതുമുഖത്തിന് പാഠമാകേണ്ടതുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ക്രാഫ്റ്റ്, സെറ്റിലെ അദ്ദേഹത്തിന്റെ പെരുമാറ്റം, സെറ്റിലെ ഓരോ അംഗത്തെയും അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി ഇവയൊക്കെ തന്നെ വ്യത്യസ്തമാണ്. മണി സാറിനു ഒരു വിഷനും മിഷനും ഉണ്ട്. ഓരോ കഥാപാത്രത്തില്‍ നിന്നും തനിക്കു എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാം. ഒരു അഭിനേതാവിനെക്കൊണ്ട് അതെങ്ങനെ ചെയ്യിച്ചെടുക്കണം എന്നും അദ്ദേഹത്തിനറിയാം”.
Read in English: Chekka Chivantha Vaanam actor Dayana Erappa: Mani Ratnam’s films are always ahead of time
ഐശ്വര്യാ രാജേഷ്
“ഷൂട്ടിങ് നടക്കുന്ന ആദ്യ ദിവസം നല്ല പേടിയുണ്ടായിരുന്നു. കാരണം എല്ലാവരും പറഞ്ഞിരുന്നു, മണി സാറിനൊപ്പം ജോലി ചെയ്യുന്നത് വ്യത്യസ്ത അനുഭവമായിരിക്കും എന്നൊക്കെ. ആദ്യം അഭിനയിച്ച രംഗം ജ്യോതികയ്ക്കൊപ്പമായിരുന്നു. ഷോട്ട് എടുത്ത ശേഷം മണി സാര്‍ ഒന്നും തന്നെ പറഞ്ഞില്ല. ഞാന്‍ പോയി ചോദിച്ചു, സാര്‍ എങ്ങനെയുണ്ടായിരുന്നു? ഞാന്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? സാര്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന്? ബ്രില്യന്റ് ആയി ചെയ്തു ഐശ്വര്യ, പിന്നെ ഞാന്‍ എന്ത് പറയാനാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അദ്ദേഹം ഒരു സീന്‍ വിവരിക്കുന്നത് വളരെ വിശദമായിട്ടാണ്. ഉദാഹരണത്തിന്, പറയേണ്ട ഡയലോഗ് ‘സുഖമാണോ, ഭക്ഷണം കഴിച്ചോ, നാളെ പത്തു മണിയ്ക്കാണ് മീറ്റിങ്’ എന്നാണെണെങ്കില് അദ്ദേഹം വന്നു ഡയലോഗ് പറഞ്ഞു തരുന്നതിന്റെ കൂട്ടത്തില്‍ അതിന്റെ പശ്ചാത്തലവും കൂടി വിവരിക്കും. തമ്മില്‍ കണ്ടിട്ട് പത്തു ദിവസമായ ഒരാളോടാണ് ഈ ഡയലോഗ് പറയുന്നത്, അപ്പോള്‍ ആ സ്നേഹവും കരുതലും അഭിനയത്തില്‍ വേണം എന്നൊക്കെ എടുത്തു പറയും.
Read More: സന്തോഷ് ശിവന്-മണിരത്നം മാജിക് വീണ്ടും: പുതിയ സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍
അഭിനയത്തെക്കുറിച്ച് പത്തിരുപതു ശതമാനം അറിവുള്ള ഒരാള്‍ക്ക് ഒരു മണിരത്നം ചിത്രത്തില്‍ നൂറു ശതമാനം ഭംഗിയായി അഭിനയിക്കാന്‍ സാധിക്കും. അത്രയ്ക്ക് കംഫര്‍ട്ടബിള്‍ ആണ് മണി സാറിനൊപ്പം ജോലി ചെയ്യാന്‍. ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ചേറ്റവും സിമ്പിള്‍ അയ ഷൂട്ടിങ് ആയിരുന്നു ‘ചെക്ക ചെവിന്ത വാന’ത്തിന്റെത്”, ഫിലിം കംപാനിയനോട് സംസാരിച്ച ഐശ്വര്യ രാജേഷ് പറഞ്ഞതിങ്ങനെ.