Tamilrockers: കങ്കണ റണാവത്തിന്റെ ഐതിഹാസിക ചിത്രം ‘മണികർണിക: ദ ക്വീൻ ഓഫ് ഝാൻസി’യും ചോർത്തി സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയർത്തുകയാണ് പൈറസി ഭീമൻമാരായ തമിഴ് റോക്കേഴ്സ്. ഇന്നലെ റിലീസിനെത്തിയ ചിത്രം മണിക്കൂറുകൾക്ക് അകത്തു തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വിക്കി കൗശൽ നായകനായെത്തിയ ‘ഉറി’യും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’, ‘പേട്ട’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് ചോർത്തി പൈറസി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ഇന്ത്യൻ സിനിമകൾ മാത്രമല്ല ഹോളിവുഡ് ചിത്രങ്ങൾക്കും തമിഴ് റോക്കേഴ്സ് ഭീഷണിയുയർത്തുകയാണ്. ഹോളിവുഡ് ചിത്രം ‘അക്വാമാൻ’ ചിത്രവും ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ട ദിവസം തന്നെ, ചിത്രത്തിന്റെ വ്യാജപകർപ്പുകൾ പൈറസി വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Read more: ‘മണികർണിക’ എന്നെ കൂടുതൽ കരുത്തയായ വ്യക്തിയാക്കി: കങ്കണ റണാവത്ത്

സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ജീവിതമാസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് ‘മണികർണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’. ക്രിഷ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇഷു സെൻഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, സീഷൻ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ബാഹുബലിയുടെയും ഭാഗ് മിൽഖാ ഭാഗിന്റെയും രചയിതാക്കളാണ് മണികർണയുടെ തിരക്കഥ ഒരുക്കിയത്. സീ സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിലും കങ്കണ പങ്കാളിയാണ്.

രജനീകാന്ത് ‘2.0’യോ തമിഴ് റോക്കേഴ്സ് ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ലൈക്ക പ്രൊഡക്ഷൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഇടപ്പെട്ട് പൈറസി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ 37 ഓളം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് ഒാർഡർ നൽകിയിരുന്ത്നു. ജസ്റ്റിസ് എം സുന്ദർ ആണ് നിയമാനുസൃതമല്ലാത്ത പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിച്ചത്. തമിഴ് ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പികൾ സ്ട്രീം ചെയ്യുന്ന 12000 ഒാളം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ജസ്റ്റിസ് എം സുന്ദർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് ആവശ്യപ്പെട്ടത്. ഇതിൽ തമിഴ് റോക്കേഴ്സിന്റേതെന്ന് സംശയിപ്പിക്കപ്പെടുന്ന 2000 ഒാളം വെബ്സൈറ്റുകളും ഉണ്ടായിരുന്നു. എന്നാൽ ആ കോടതി ഉത്തരവിനും തമിഴ് റോക്കേഴ്സിനെ തടയാൻ സാധിച്ചില്ല, സിനിമ തിയേറ്ററിൽ റിലീസ് ആയി ഏതാനും മണിക്കൂറുകൾക്ക് അകത്തു തന്നെ ചിത്രത്തിന്റെ പ്രിന്റ് തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയും നിരവധി പേർ ചിത്രം ഓൺലൈനിൽ കാണുകയും ചെയ്തിരുന്നു. കോടതി വിധികളെയും കാറ്റിൽ പറത്തി പൈറസി വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് തമിഴ് റോക്കേഴ്സ്.

Read more: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

“ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചേർന്ന് നടത്തുന്ന ഒന്നല്ല തമിഴ്റോക്കേഴ്സ്. പലയിടങ്ങളിലായി ചിതറികിടക്കുന്ന ഒരു കൂട്ടം ആളുകൾ അതിനു പിന്നിലുണ്ട്. അവർക്ക് പരസ്പരം പരിചയമുണ്ടാവണം എന്നു പോലുമില്ല, വിദേശത്തു ഇരുന്നാണ് കൂടുതൽ സൈറ്റ് ഓപ്പറേഷനുകളും നടക്കുന്നത്. പലപ്പോഴും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ലീക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കണ്ടെത്തിയ ഒരു കാര്യം ഇവയെല്ലാം ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് റഷ്യ, ഉക്രൈൻ പോലുള്ള രാജ്യങ്ങളിലെ പ്രോക്സി സർവറുകളിൽ നിന്നാണ്,” തമിഴ് റോക്കേഴ്സ്, പ്രോക്സി സർവ്വറുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായ സീനിയർ സൈബർ ക്രൈം ഓഫീസറുടെ വാക്കുകളാണിത്. ‘വിജ്ഞാന വ്യവസായത്തിനെതിരായ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം ഓൺലൈൻ ആക്റ്റിവിസ്റ്റുകളും ഇത്തരം സൈറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് സൈറ്റുകൾ ഞങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടുമ്പോഴും പുതിയവ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന മിക്ക പ്രൊഫഷണലുകളും വിദഗ്ദ്ധരുമെല്ലാം പകർപ്പവകാശമെന്ന ആശയത്തെ എതിർക്കുന്നവരും സൗജന്യ ഓൺലൈൻ വിജ്ഞാനത്തിന് വേണ്ടി പൊരുതുന്നവരും’ തമിഴ് റോക്കേഴ്സിനു പിന്നിലുള്ളത് പ്രതിബന്ധങ്ങൾ ഉയർത്തുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ