ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം അറിയിക്കുന്നു. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം നിന്നുകൊണ്ടുള്ള ചിത്രം പോസ്റ്റുചെയ്തുകൊണ്ടാണ് മണികണ്ഠൻ ആചാരി ഈ വാർത്ത പങ്കുവച്ചത്. ‘എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാവണം’ എന്നും അദ്ദേഹം കുറിച്ചു.
നടി ശ്രിന്ദ, നടൻ റോഷൻ മാത്യു, ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ മണികണ്ഠനും അഞ്ജലിക്കും ആശംസകൾ നേർന്നു.
Read More: അമ്മയുടെ തോളോട് തോൾ ചേർന്ന് മകൾ, നൈനികയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ലോക്ക്‌ഡൗണിനും ആറു മാസം മുൻപ് വിവാഹം തീരുമാനിച്ചിരിക്കെയായിരുന്നു ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുയും രാജ്യം സമ്പൂർണ അടച്ചിടലിലേക്ക് പോകുകയും ചെയ്തത്. ഇതേ തുടർന്ന് തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെ തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ച് മണികണ്ഠനും അഞ്ജലിയും വിവാഹിതരാകുകയായിരുന്നു. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.
“പ്രണയവിവാഹമാണ്. എനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ്. വളരെ ചെറുപ്പം മുതൽ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വർഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോൾ അഞ്ജലിയോട് തുറന്നു പറയുകയായിരുന്നു. സംസാരത്തിനിടയ്ക്ക്, തമാശരൂപേണയാണ് കാര്യം അവതരിപ്പിച്ചത്, പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്ന്. ‘ആലോചിച്ചോളൂ’ എന്നായിരുന്നു അഞ്ജലിയുടെ മറുപടി,” അഞ്ജലിയുമായുള്ള പ്രണയത്തെ കുറിച്ച് മണികണ്ഠൻ പറഞ്ഞതിങ്ങനെ.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു.