/indian-express-malayalam/media/media_files/uploads/2020/05/manikandan-achari-wife.jpg)
ലോക്ക് ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്‍ ആചാരിയുടെയും അഞ്ജലിയുടെയും വിവാഹം. ഒരു വർഷമായി ഇരുവരും പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹം അടുത്തെത്തിയപ്പോഴാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്, അങ്ങനെയാണ് മുൻകൂട്ടി നിശ്ചയിച്ച വിവാഹം ലളിതമായ ചടങ്ങുകളോടെ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്താമെന്ന് ഇരുവരും തീരുമാനിക്കുന്നത്. വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മണികണ്ഠനും അഞ്ജലിയും മടിച്ചില്ല.
ലോക്ക്‌ഡൗൺ കാലത്തെ വിവാഹവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജലിയും മണികണ്ഠനും. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ അതിഥിയായി എത്തിയതായിരുന്നു മണികണ്ഠനും അഞ്ജലിയും. "വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് ആശാൻ രാജീവ് രവിയാണ്. വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു," മണികണ്ഠൻ പറഞ്ഞു.
പ്രണയവിവാഹമായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും. ചെറുപ്പം മുതൽ പരിചയമുള്ള കുട്ടിയാണ് അഞ്ജലിയെന്നും മണികണ്ഠൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമടക്കം സിനിമാലോകത്തു നിന്ന് നിരവധിയാളുകൾ വിളിച്ച് ആശംസകൾ അർപ്പിച്ചത് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
"മമ്മൂക്കയുടെ വീഡിയോ കോൾ വന്നപ്പോൾ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടൻ ആദ്യം വിളിച്ചപ്പോൾ ഞങ്ങൾ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങൾ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ."
ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തോ, എങ്ങോട്ടേക്കാണ് ആദ്യയാത്രയെന്നായിരുന്നു ലൈവിലെത്തിയ മണികണ്ഠനോട് ചിലരുടെ ചോദ്യം. "തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ ഞങ്ങളൊന്നു ചുറ്റിയിട്ടു വന്നു, അതാണ് ലോക്ക്‌ഡൗൺ കാലത്തെ ഞങ്ങളുടെ ആദ്യത്തെ ടൂർ," എന്നായിരുന്നു മണികണ്ഠന്റെ ചിരിയോടെയുള്ള മറുപടി. കമ്മട്ടിപ്പാടത്തേക്ക് പോയിക്കൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അത് നല്ല നിര്‍ദേശമാണെന്ന്, ഞങ്ങള്‍ അങ്ങോട്ട് പോയിരിക്കുമെന്നും അഞ്ജലിയും മണികണ്ഠനും ഉത്തരമേകി. കമ്മട്ടിപ്പാടത്തിലെ ഒരു പാട്ടും ലൈവിലെത്തിയ പ്രേക്ഷകർക്കായി മണികണ്ഠൻ പാടി.
Read more: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.