മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?

ശങ്കരൻ തമ്പി എപ്പോഴും വില്ലനായാണല്ലോ വായിക്കപ്പെടുന്നത്. ന്യായീകരിക്കാവുന്ന ഒരു കഥ ചിലപ്പോൾ അയാൾക്കും പറയാനുണ്ടാവില്ലേ?

Manichitrathazhu, Nagavalli- Sankaran Thampi story Redefined, Nagavalli photo story, മണിചിത്രത്താഴ്, നാഗവല്ലിയുടെ കഥ, ഫോട്ടോ സ്റ്റോറി

Manichitrathazhu Nagavalli- Sankaran Thampi story Redefined: മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങൾക്കിടയിലാണ് ‘മണിച്ചിത്രത്താഴി’ന്റെ സ്ഥാനം. ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ‘മണിച്ചിത്രത്താഴ്’ മലയാളികൾക്ക്​ അവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായ ഒരു ദൃശ്യാനുഭവം കൂടിയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ‘മണിച്ചിത്രത്താഴ്’ എന്ന ചലച്ചിത്രം. വായനകളും പുനർവായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ സിനിമാവർത്തമാനങ്ങളിൽ നിറയുകയാണ്. ഇപ്പോഴിതാ, മണിചിത്രത്താഴിനെ അവലംബിച്ച് വ്യത്യസ്തമായൊരു ഫോട്ടോ സ്റ്റോറി ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ.

നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും രാമനാഥന്റെയും കഥയാണ് ചിത്രങ്ങൾ പറയുന്നത്. എഞ്ചിനീയറിംഗ് ബിരുദദാരിയായ മുരളി കൃഷ്ണനാണ് ഈ ഫോട്ടോ സ്റ്റോറിയ്ക്ക് പിറകിൽ. ‘മണിചിത്രത്താഴി’ൽ ദുഷ്ട കഥാപാത്രമായി ചിത്രീകരിക്കപ്പെട്ട ശങ്കരൻ തമ്പിയുടെ ജീവിതകഥയ്ക്ക് പുതിയൊരു ഭാഷ്യം സമ്മാനിക്കുകയാണ് മുരളി കൃഷ്ണനും കൂട്ടുകാരും.

“മുൻപും ഫോട്ടോസ്റ്റോറികൾ ചെയ്തിട്ടുണ്ട്. ഇത് വേറെ ഒരാളുടെ കാഴ്ചപ്പാടിൽ നിന്നു ഒരു കഥയെ സമീപിച്ചാൽ എങ്ങനെയായിരിക്കും എന്നൊരു ചിന്തയിൽ നിന്നും ഉണ്ടായതാണ്. ശങ്കരൻ തമ്പി എപ്പോഴും വില്ലനായാണല്ലോ വായിക്കപ്പെടുന്നത്. അപ്പോൾ പുള്ളിയുടെ കാഴ്ചപ്പാടിൽ നിന്നും ഒന്നു നോക്കുമ്പോൾ ജസ്റ്റിഫൈ ചെയ്യാവുന്ന എന്തെങ്കിലും ഉണ്ടാകുമല്ലോ എന്ന ചിന്ത. ‘മണിച്ചിത്രത്താഴി’നോളം ഇംപാക്റ്റ് ഉണ്ടാക്കിയ ഒരു സിനിമ നമുക്ക് വേറെ ഏതുണ്ട്? എല്ലാ ജനറേഷനിലുള്ളവരെയും ഒരുപോലെെ സ്വാധീനിക്കുന്നത്? അതാണ് ‘മണിച്ചിത്രത്താഴ്’ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം,” മുരളി കൃഷ്ണൻ പറയുന്നു.

ഇലക്ട്രിക്കൽ ഡിസൈനിംഗ് എഞ്ചിനീയറായ മുരളിയ്ക്ക് എഴുത്തും ഫോട്ടോഗ്രാഫിയുമെല്ലാമാണ് പാഷൻ. ഫോട്ടോ സ്റ്റോറിയുടെ കഥയെഴുത്തും ഫോട്ടോഗ്രാഫിയുമെല്ലാം മുരളി തന്നെയാണ് നിർവ്വഹിച്ചത്.

ഫോട്ടോ സ്റ്റോറിയുടെ കഥയും ഫോട്ടോഗ്രാഫിയും ഒരുക്കിയ മുരളി കൃഷ്ണൻ

“തിരുവനന്തപുരം വില്ല മായ റിസോട്ടിന്റെ എതിവശത്ത് ഇഞ്ചക്കൽ മിത്രനികേതൻ എന്നൊരു പഴയൊരു കോവിലകം ഉണ്ട്. അവിടെയായിരുന്നു ഷൂട്ടിംഗ് ഒക്കെ. രാവിലെ ആറുമണിയ്ക്ക് ഷൂട്ട് തുടങ്ങി. വൈകിട്ട് അഞ്ചുമണിയോടെ പാക്കപ്പ് ആയി. അന്ന് തന്നെ വീട്ടിൽ പോയി എഡിറ്റ് ചെയ്ത് രാത്രിയോടെ പോസ്റ്റ് ചെയ്തു. ഒരൊറ്റ ദിവസത്തെ വർക്കാണ് ഇത്,” മുരളി കൂട്ടിച്ചേർക്കുന്നു.

രാഹുൽ നായരാണ് ശങ്കരൻ തമ്പിയുടെ വേഷത്തിൽ. നാഗവല്ലിയായി ദേവകി രാജേന്ദ്രനും രാമനാഥനായ ആനന്ദ് മന്മഥനും എത്തുന്നു. വേറിട്ട ഫോട്ടോ സ്റ്റോറിയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നത്.

(ചിത്രങ്ങൾ കാണാം, ഓരോ ഫോട്ടോയുടെയും പശ്ചാത്തലം വിവരിക്കുന്ന​ അടിക്കുറിപ്പും നൽകിയിട്ടുണ്ട്.)

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തായി തിരുവിതാംകൂറിൽ ജീവിച്ചിരുന്ന തമ്പുരാൻ ആയിരുന്നു ശങ്കരൻ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തിബഹുമാനങ്ങളോടു കൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാൻ. അദ്ദേഹത്തിന്റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. അതിനാൽ തന്നെ നാട്ടിലെങ്ങും സന്തോഷം അലതല്ലിയിരുന്നു.
കളരി , മർമ്മവിദ്യ തുടങ്ങി അഭ്യസ്തവിദ്യകൾ എല്ലാം ചെറുപ്പം മുതലേ സ്വായത്തമാക്കിയ ശങ്കരൻ തമ്പിക്ക് സംഗീതത്തോടും കമ്പം ഉണ്ടായിരുന്നു. കാട്ടിലെ നായാട്ടുവേളകളിൽ, ആയോധനകലയിലും, അമ്പെയ്ത്തിലെ കഴിവിലും തമ്പുരാനുള്ള വൈഭവം കണ്ടു സ്തബ്ധനായി നിന്നവർ അനേകമാണ്.

 

അങ്ങനെയൊരുനാൾ, തമിഴ്‌നാട്ടിലെ ക്ഷേത്രദർശനം കഴിഞ്ഞു കൊട്ടാരത്തിൽ എത്തിയ തമ്പുരാനൊപ്പം ഏതോ അമ്പലത്തിലെ നൃത്തമണ്ഡപത്തിൽ കണ്ട് പരിചയപ്പെട്ട ഒരു തമിഴ്‌ നർത്തകി കൂടി വന്നു. വല്ലിയെന്ന നാമത്തിലുള്ളവൾ. നല്ല കലാകാരികളെ ദാസ്യപ്പണിയ്ക്കും തങ്ങളുടെ ലൈംഗിക ചൂഷണങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന അക്കാലത്തെ തമ്പ്രാക്കളിൽ നിന്നും നൃത്തം എന്ന കലയെ ഇഷ്ടപ്പെട്ട ശങ്കരൻ തമ്പി വ്യത്യസ്തനായിരുന്നു.

 

നൃത്തത്തിലുള്ള വല്ലിയുടെ അപാരമായ കഴിവിൽ ആകൃഷ്ടനായ തമ്പി, കൊട്ടാരത്തിലെ ദാസിമാരുടെ കൂടെയല്ലാതെ അവൾക്ക് പ്രത്യേക മുറിയും മറ്റ് ആനുകൂല്യങ്ങളും നൽകി. അതുമാത്രമല്ല, വല്ലിയെ സ്വന്തം മകളെപോലെയാണ് അദ്ദേഹം കണ്ടിരുന്നത്.

 

അപ്പോഴാണ് രാമനാഥൻ എന്ന പേരുള്ള കൊട്ടാരത്തിലെ പ്രധാന ഗായകൻ, ശങ്കരൻ തമ്പിയെ കാണാൻ വരുന്നത്. ഗായകനെന്ന നിലയ്ക്ക്, പുതിയ നർത്തകിയെ തീർച്ചയായും പരിചയപ്പെടേണ്ടതാണ് എന്ന് മനസിലാക്കി, ശങ്കരൻ തമ്പി വല്ലിയേയും, രാമനാഥനേയും പരിചയപ്പെടുത്തുന്നു.

 

എന്നാൽ, രാമനാഥൻ വല്ലിയെ കണ്ടമാത്രയിൽ തന്നെ അവളിലെ ബാഹ്യസൗന്ദര്യത്തിൽ വീഴുകയും എങ്ങനെയും അവളെ പ്രാപിക്കണം എന്ന ചിന്ത മനസ്സിലിട്ടു കൊണ്ടു നടക്കുകയും ചെയ്തു.

 

സ്വാഭാവികമായും, കൊട്ടാരത്തിലെ ആസ്‌ഥാന ഗായകൻ എന്ന നിലയ്ക്ക് രാമനാഥനിലെ കഴിവിൽ വല്ലി മയങ്ങി. ഏതുനേരവും, അയാൾ ഒരു മന്ദമാരുതനെപോലെ തന്നെ തഴുകുന്നതായി അവൾക്ക് തോന്നി.

 

അങ്ങനെയൊരുനാൾ, ശങ്കരൻ തമ്പി അടുത്തുള്ള നാട്ടുരാജ്യത്തിലെ അമ്പലത്തിലെ ഉത്സവം കൂടാൻ പോകുന്ന കാര്യമറിഞ്ഞ രാമനാഥൻ, നർത്തകിമാരെ പരിശീലിപ്പിക്കാനെന്ന വ്യാജേന കൊട്ടാരത്തിലേയ്ക്ക് അസമയത്ത് സൂത്രത്തിൽ കയറി. രാമനാഥന്റെ സ്വരം കേട്ടുടനെ നാലുകെട്ടിലേയ്ക്ക് ഓടിവന്ന വല്ലി, അയാൾ പാടുന്ന സ്വരങ്ങൾക്കനുസരിച്ചു നൃത്തം വച്ചു.

 

പാട്ടിലെ പല്ലവിയും, അനുപല്ലവിയും മൂർധന്യാവസ്ഥയിൽ കയറുന്ന പോലെതന്നെ, രാമനാഥന്റെയുള്ളിൽ താൻ നാളുകളായി തക്കം പാർത്തിരുന്ന വല്ലിയെ പ്രാപിക്കുക എന്ന സ്വപ്നത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞു വരുന്നതായി അയാൾക്ക് തോന്നി. അവളുടെ ഓരോ നോട്ടത്തിനും അരുതാത്ത അർത്ഥം കണ്ടെത്താൻ അയാൾ ശ്രമിച്ചു. വല്ലിക്കും രാമനാഥനെ ഇഷ്ടമായിരുന്നു എന്നാൽ അതൊരിക്കലും അയാൾക്ക് അവളോടുള്ള പോലെ ബാഹ്യമായി സൗന്ദര്യത്തെ ഊന്നിയുള്ളതല്ലായിരുന്നു.

 

മനസ്സ് ഒന്ന് പിടഞ്ഞപ്പോൾ അറിയാതെ വല്ലിയ്ക്ക് ചുവട് തെറ്റി. ഇതുതന്നെ അവസരമെന്ന് മനസിലുറപ്പിച്ചുകൊണ്ട് തെറ്റിയ ചുവട് നേരെയാക്കാനെന്നോണം രാമനാഥൻ, വല്ലിയുടെ കയ്യിൽ പിടിച്ചു. എന്നാൽ, അതിൽ ഒരു അപാകത വല്ലിയ്ക്ക് ഒട്ടു തോന്നിയതുമില്ല.

 

അവരുടെ ആ മാനസികാവസ്ഥ കണ്ടിട്ടെന്നോണം, മേഘങ്ങൾ വഴിമാറി. മഴ തുടങ്ങി. അതൊരു അവസരമാക്കിയെടുത്തുകൊണ്ട് രാമനാഥൻ വല്ലിയെ പുണരാൻ ശ്രമിക്കുന്നു. നാണത്താൽ, വല്ലി മുഖം താഴ്ത്തുന്നു.

 

എന്നാൽ, തന്റെ പിടിവിടാതെ, കരബലം ഉപയോഗിച്ചുകൊണ്ട് വല്ലിയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന രാമനാഥൻ അവളിൽ അസ്വസ്ഥത ഉണ്ടാക്കി.

 

അവൾ ഞൊടിയിടയിൽ രാമനാഥന്റെ കൈ തന്റെ ദേഹത്ത് നിന്നും തട്ടിമാറ്റി.

 

എന്നാൽ വല്ലിയെ വരുതിയിലാക്കാം എന്ന ഉറപ്പോടെ രാമനാഥൻ വീണ്ടും അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.

 

പൊടുന്നനെ ഒരു ഗർജ്ജനവും വാതിൽ തുറക്കുന്ന ശബ്ദവും കേട്ട് അവർ ഇരുവരും ഞെട്ടി. വാതിൽ തുറന്ന് വന്ന ആളിനെ കണ്ട രാമനാഥൻ പേടിച്ചരണ്ടു.

 

മഴ കലശലായതിനാൽ, തന്റെ പോക്ക് മാറ്റിവെച്ച ശങ്കരൻതമ്പി കതക് തുറന്നുവന്നു കാണുന്ന കാഴ്ച്ച, താൻ മകളെപോലെ കാണുന്ന വല്ലിയെ കയറിപിടിക്കാൻ ശ്രമിക്കുന്ന രാമനാഥനെയാണ്. വല്ലിയ്ക്ക് രാമനാഥനെ ഇഷ്ടമാണ്; ഇപ്പോഴും. ആ ഒരു നിമിഷത്തെ മനസിന്റെ ചാഞ്ചാട്ടത്തിൽ വല്ലിയെ പിടിക്കാൻ ശ്രമിച്ച രാമനാഥനോട് ക്ഷമിക്കാൻ മാത്രമുള്ള പക്വത അവൾക്കുണ്ടായിരുന്നു. എന്നാൽ ആ ദാക്ഷിണ്യം ശങ്കരൻ തമ്പിയിൽ നിന്ന് രാമനാഥൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

 

മുൻകോപത്തോടെ രാമനാഥന്റെ അടുത്തേയ്ക്ക് കുതിച്ചുപാഞ്ഞ തമ്പി, തന്റെ അരയിലെ കത്തി പുറത്തെടുത്തു.

 

അലറിവിളിക്കുന്ന വല്ലിയെ സാക്ഷിനിർത്തി, കഴുകന്റെ കണ്ണിനോളം പോന്ന സൂക്ഷ്മതയോടെ രാമനാഥന്റെ കഴുത്ത് ലക്ഷ്യമാക്കി തമ്പി വെട്ടി.

 

തന്റെ രാമനാഥൻ മരിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കാതെ അയാളുടെ മൃതദേഹത്തെ നോക്കി വല്ലി നിന്നു. ജീവൻ എടുത്തിട്ടും പക മാറാതെ സ്ഥലകാലബോധം നേടാൻ ശ്രമിക്കുന്ന തമ്പിയുമുണ്ട് അടുത്ത്.

 

കാമുകനെ തന്റെ കണ്മുന്നിലിട്ട് കൊന്ന ശങ്കരൻ തമ്പിയെ പകയോടും ക്രോധത്തോടും വല്ലി നോക്കി. തമ്പിയുടെ കൊട്ടാരം മുച്ചൂടും കത്തിച്ചുകളയാൻ പാകത്തിനുള്ള ജ്വാലയുണ്ട്, അവളുടെ ആ തീക്ഷ്ണമായ നോട്ടത്തിന്.

 

രാമനാഥൻ ഇല്ലാത്ത ലോകത്ത് താൻ ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല എന്നു മനസ്സിൽപറഞ്ഞുകൊണ്ട് തമ്പിയുടെ കയ്യിലെ കത്തിയെടുത്ത് സ്വയം കഴുത്തറുത്ത് വല്ലി മരിച്ചുവീണു.

 

മകളെപോലുള്ളവൾ , തന്റെ കണ്മുന്നിൽ വച്ച് ആത്‍മഹത്യ ചെയ്ത കാഴ്ച്ച കണ്ട ശങ്കരൻ തമ്പി ഉറക്കെ നിലവിളിച്ചു. ചേതനയറ്റ് കിടക്കുന്ന വല്ലിയുടെ ശരീരത്തെ കൈകളിലെടുത്തുകൊണ്ട് അയാൾ ആദിത്യഭഗവാനെ നോക്കി കരഞ്ഞു.

 

വർഷങ്ങൾ പലതുകഴിഞ്ഞു. ശങ്കരൻ തമ്പിയ്ക്ക് പലപ്പോഴായി വല്ലിയുടെ സാമീപ്യം തനിക്ക് ചുറ്റുമുള്ളതായി അനുഭവപെട്ടു. ഗതികിട്ടാത്ത പ്രേതത്തെപോലെ വല്ലി ആ കൊട്ടാരത്തിൽ അലയുന്നത് അയാളുടെ സ്വപ്നത്തിൽ കണ്ടു. തമ്പി തെറ്റുകാരൻ അല്ലെന്നാണ് ഇപ്പോഴും പറയുന്നത്. തന്റെ മകളുടെ രക്ഷയ്ക്കായി അയാളെ കൊന്നതിൽ അദ്ദേഹത്തിനൊട്ട് വിഷമവുമില്ല. മേടയിലെ ഗുരുക്കന്മാരെ വിളിപ്പിച്ചു, ഒരു ഉച്ഛാടനവും ആവാഹനവും മറ്റ് ക്രിയകളും ചെയ്‌തിട്ട് ഒടുക്കം വല്ലിയെ തെക്കിനിയിൽ ബന്ധിച്ചു.

 

അവളുടെ മരണശേഷവും, വല്ലിയോടുള്ള ഇഷ്ട്ടം കൊണ്ട് ദിനവും ശങ്കരൻ തമ്പി തെക്കിനിയിൽ പോയി ഇങ്ങനെ നിൽക്കും.

 

മകളുടെ ജീവൻ രക്ഷിക്കാനായിട്ടാണ് താൻ ആ കൊലപാതകം നടത്തിയത് എന്നാണ് ശങ്കരൻ തമ്പി വിശ്വസിച്ചിരുന്നത്. എന്നാലും, തന്റെ മകളുടെ മരണത്തിൽ ഒരു പങ്ക് തനിക്കുമുണ്ടെന്ന് വേദനയോടെ ഒരു ദിവസം തമ്പി മനസിലാക്കി. സ്വന്തം വാൾ നെഞ്ചിൽ അമർത്തികൊണ്ടയാൾ ആത്മഹത്യ ചെയ്തു. എന്നാൽ ഉന്നതകുലജാതനായ അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് പുറമേയുള്ളവർ അറിയുന്നത് മോശമായതുകൊണ്ട് താളിയോല ഗ്രന്ഥങ്ങളിൽ പോലും പറഞ്ഞിരിക്കുന്നത്, നഗവല്ലിയുടെ ശാപം കാരണം തമ്പിയ്ക്ക് കട്ടിലിൽ നിന്നും എണീക്കാൻ കഴിയാതെ ജീർണിച്ചു മരിച്ചതാണെന്നാണ്. തമ്പിയുടെ മരണശേഷവും, ആ കൊട്ടാരത്തിൽ നാഗവല്ലിയുടെ പ്രേതം ഇപ്പോഴും ഗതി കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട് എന്നാണ് പ്രായമുള്ളവർ പറയുന്നത്.

 

Read more: മണിച്ചിത്രത്താഴ്: ഇരുപത്തിയഞ്ച് വർഷങ്ങൾ, പല വായനകൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manichitrathazhu movie retold story of nagavalli sankaran thampi ramanathan photo story

Next Story
Lucifer in Amazon Prime: ‘ലൂസിഫർ’ ഇനി ആമസോൺ പ്രൈമിലുംLucifer in Amazon Prime, Mohanlal in Lucifer Location, Lucifer, Mohanlal, Prithviraj, ലൂസിഫർ, മോഹൻലാൽ, പൃഥ്വിരാജ്, ലൂസിഫർ ലൊക്കേഷൻ വീഡിയോ,​ lucifer video, Mohanlal movie lucifer, മോഹൻലാൽ ലൂസിഫർ, box office collection, ബോക്സ് ഓഫീസ് കളക്ഷൻ, lucifer movie, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം"
The moderation of comments is automated and not cleared manually by malayalam.indianexpress.com