മണിചിത്രത്താഴിലെ അല്ലിയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. കഥകളും ഉപകഥകളും നിരവധി കഥാപാത്രങ്ങളുമായി വികസിക്കുന്ന ‘മണിചിത്രത്താഴി’ലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ചിരപരിചിതരാണ്. ആ കഥാപാത്രങ്ങളുടെ സ്ഥാനത്ത് മറ്റൊരാളെയും കാണാനാവില്ലെന്ന രീതിയിൽ മനോഹരമായി തന്നെ ഓരോ നടീനടന്മാരും അഭിനയിച്ച ചിത്രം എന്നുപറഞ്ഞാലും അതൊരു അതിശയോക്തിയാവില്ല.
Read more: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധ നേടിയ രുദ്ര ആയിരുന്നു ചിത്രത്തിൽ അല്ലിയെ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രണവ് മാധവൻ എന്ന പ്രേക്ഷകൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയൊ എന്നു ചോദിച്ചു…ഈ മുഖം മറന്നോ?’–എന്നു ചോദിച്ചുകൊണ്ടാണ് രുദ്രയ്ക്കൊപ്പമുള്ള ചിത്രം പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ആർ വി അശ്വിനി എന്ന പേര് മാറ്റി സിനിമയ്ക്കായി രുദ്ര എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഭാരതി രാജയുടെ തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രുദ്ര പിന്നീട് ‘ആയുഷ് കാലം’, ‘പോസ്റ്റ് ബോക്സ് നമ്പർ 27’, ‘കൗരവർ’, ‘മലയാളമാസം ചിങ്ങം ഒന്നിന്’, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’, ‘പവിത്രം’, ‘ബട്ടർഫ്ലൈസ്’, ‘ധ്രുവം’ എന്നിങ്ങനെയുള്ള ചിത്രങ്ങളിലും രുദ്ര അഭിനയിച്ചിരുന്നു. ‘കുടുംബക്കോടതി’ (1996) എന്ന ചിത്രത്തിലാണ് രുദ്രയെ മലയാളി പ്രേക്ഷകർ ഒടുവിൽ കണ്ടത്. ഇടയ്ക്ക് മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും രുദ്ര അഭിനയിച്ചിരുന്നു. ഇപ്പോൾ സിംഗപ്പൂരിൽ ആണ് രുദ്ര.
Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?