എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച, തിയേറ്ററിൽ വൻവിജയം നേടിയ ഒരു സിനിമ മാത്രമല്ല ‘മണിച്ചിത്രത്താഴ്’ മലയാളികൾക്ക്. അതിനപ്പുറം എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായി കൂടിയാണ് ‘മണിച്ചിത്രത്താഴ്’ ആഘോഷിക്കപ്പെടുന്നത്. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം സിനിമാസ്വാദകര്‍ക്ക് മനപ്പാഠമാണ്. അതുകൊണ്ടു തന്നെയാവാം ‘മണിച്ചിത്രത്താഴി’നെ കുറിച്ചുള്ള എന്തും കൗതുകത്തോടെ മാത്രം പ്രേക്ഷകർ നിരീക്ഷിക്കുന്നതും.
സംവിധായകൻ ലാൽ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മണിച്ചിത്രത്താഴിന്റെ ചിത്രീകരണസമയത്തെ ഒരു ചിത്രമാണ് ലാൽ പങ്കുവച്ചിരിക്കുന്നത്. ഫാസിൽ, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, കെ പി എ സി ലളിത, കുട്ടേടത്തി വിലാസിനി,വിനയ പ്രസാദ്, സുധീഷ്, സിദ്ദിഖ്, ലാൽ, ക്യാമറാമാൻ വേണു തുടങ്ങിയവരെല്ലാം ഉള്ള ഫോട്ടോയിലെ അസാന്നിധ്യം കൊണ്ടു ശ്രദ്ധ നേടുന്ന ഒരാളെ തിരയുകയാണ് സോഷ്യൽ മീഡിയ. സണ്ണി എവിടെ? എവിടെ ഞങ്ങളുടെ ലാലേട്ടൻ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ.
ഒരിക്കൽ കണ്ടും തീരും വരെ മാത്രം ആകാംക്ഷയുണർത്തുന്ന പതിവു ത്രില്ലർ സിനിമകളുടെ സമവാക്യങ്ങളെയൊക്കെ കാറ്റിൽ പറത്തിയ ഒരു ക്ലാസ്സിക് കൂടിയാണ് മലയാളികൾക്ക് ‘മണിച്ചിത്രത്താഴ്’. കഥ മുഴുവൻ കാണാപ്പാഠമാണെങ്കിലും എത്ര തവണ കണ്ടാലും മടുക്കാതെ മലയാളികളെ ഇന്നും നെഞ്ചിലേറ്റുന്ന ചിത്രം. സംവിധായകൻ ഫാസിലും തിരക്കഥാകൃത്ത് മധു മുട്ടവും ഒരുമിച്ചപ്പോൾ മലയാളികൾക്ക് കിട്ടിയത് എന്നെന്നും സ്വകാര്യ അഹങ്കാരമായി ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഒരു ഐതിഹാസിക സിനിമ തന്നെയാണ്.
Read more: ഓരോ തവണ കാണിക്കുമ്പോഴും ‘മണി’ കൊണ്ട് വരുന്ന ‘മണിച്ചിത്രത്താഴ്’
1993 ലാണ് ‘മണിച്ചിത്രത്താഴ്’ പ്രദർശനത്തിനെത്തിയത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രം അതുവരെ മലയാളസിനിമ അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത ഭ്രാന്ത്/ മാനസിക വിഭ്രാന്തികൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
ഫാസിലിനെ കൂടാതെ പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ്, ലാൽ തുടങ്ങിയ സംവിധായകർ അടങ്ങിയ സെക്കന്റ് യൂണിറ്റ് ഡയറക്ടേഴ്സും ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു അഞ്ചോളം സംവിധായകരുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമെന്ന വിശേഷണവും ‘മണിച്ചിത്രത്താഴി’നു സ്വന്തം. ‘മണിച്ചിത്രത്താഴ്’ വിജയമായതോടെ വർഷങ്ങൾക്കു ശേഷം കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രത്തിന് റീമേക്കുകൾ ഉണ്ടായി.
Read more: മണിച്ചിത്രത്താഴ്: ഇരുപത്തിയഞ്ച് വർഷങ്ങൾ, പല വായനകൾ