കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത്‌ ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷമാവുകയാണ്. രാജ്യത്തെ ആദ്യത്തെ സാറ്റലൈറ്റ് ചാനലുകളിലൊന്നായ ഏഷ്യാനെറ്റ് കേരളത്തില്‍ പിറവിയെടുത്ത വര്‍ഷം തന്നെയാണ് മലയാള സിനിമയിലെ ‘ലാന്‍ഡ്‌മാര്‍ക്ക്’ ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ‘മണിച്ചിത്രത്താഴും’ റിലീസ് ചെയ്തത്. പല ചിത്രങ്ങളുടേയും കൂട്ടത്തില്‍ ഈ ചിത്രത്തിന്റെയും സാറ്റലൈറ്റ്  സംപ്രേഷണ അവകാശം വാങ്ങുമ്പോള്‍ ഏഷ്യാനെറ്റ് ഒരു പക്ഷേ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തലമുറകള്‍ നെഞ്ചിലേറ്റാന്‍ പോകുന്ന ചിത്രത്തെ ജനസമക്ഷം എത്തിക്കാനുള്ള ഒരു ചരിത്ര നിയോഗം തങ്ങള്‍ക്കുണ്ട് എന്ന്. ഓരോ പ്രക്ഷേപണത്തിലും മാറ്റ് കൂടുന്ന, ഓരോ തവണ തുറക്കുമ്പോഴും ‘മണി’ കിലുങ്ങുന്ന നിധിയാണ്, അന്ന് കൈയ്യില്‍ കിട്ടിയ ആ ഫിലിം റീലുകളില്‍ എന്ന്.

“ഇപ്പോഴും കാഴ്ചക്കാരുള്ള ഒരു ‘എവർഗ്രീൻ’ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സത്യത്തിൽ അതൊരു ‘മണി’ ചിത്രം തന്നെയാണ്. താഴ് തുറന്ന് ഇപ്പോഴും പണം തരുന്ന ചിത്രം. ‘ബിഗ്ബോസ്’ നടന്നു കൊണ്ടിരുന്നപ്പോൾ, അവിടുത്തെ മത്സരാർത്ഥികൾക്കു വേണ്ടി കാണിച്ചതും ഈ ചിത്രമായിരുന്നു,” ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റ് (പ്രോഗ്രാമിങ്) എം ആർ രാജൻ പറയുന്നു.

ഇന്നും വർഷത്തിൽ മിനിമം ആറു മുതൽ എട്ടു തവണ വരെയൊക്കെ ഏഷ്യാനെറ്റ് ‘മണിച്ചിത്രത്താഴ്’ സംപ്രേക്ഷണം ചെയ്യുന്നു. എത്രാമത്തെ തവണയാണീ ചിത്രം കാണുന്നതെന്ന കണക്കു പോലും കൂട്ടാനാവാതെ മലയാളികൾ വീണ്ടും വീണ്ടും ‘മണിച്ചിത്രത്താഴി’ന് മുന്നില്‍ കുത്തിയിരിക്കുന്നു. മടുപ്പിന്റെ പതിവു സമവാക്യങ്ങൾ​ ഒന്നും ബാധകമല്ലെന്നു തോന്നും വിധം ജനപ്രീതിയോടെ മലയാളി ഇപ്പോഴും ‘മണിച്ചിത്രത്താഴിനെ’ നെഞ്ചേറ്റുന്നു.

‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്ത കാലത്ത് ജനിച്ചിട്ടില്ലാത്തവര്‍ക്കു വരെ ആ ചലച്ചിത്രത്തെ പ്രിയങ്കരമാക്കിയതിൽ ഏഷ്യാനെറ്റിനു വലിയൊരു പങ്കുണ്ട്. ഇടയ്ക്കിടെയുള്ള സംപ്രേക്ഷണത്തിലൂടെ പുതിയ തലമുറയിലേക്ക് ‘മണിച്ചിത്രത്താഴി’നെ വീണ്ടും വീണ്ടുമെത്തിക്കുകയായിരുന്നു അവര്‍. നിരവധിയേറെ കോമഡി സീനുകൾ, ട്വിസ്റ്റുകൾ, കഥ അനാവരണം ചെയ്തു വരുന്ന രീതി, ബോറടിപ്പിക്കാതെയുള്ള ആഖ്യാനം, മനോഹരമായ പാട്ടുകൾ എന്നു വേണ്ട ചിത്രം തുടങ്ങി എവിടം മുതൽ കണ്ടു തുടങ്ങിയാലും ഇഷ്ടപ്പെടുന്ന ഒരു രംഗമോ തമാശയോ പാട്ടു സീനോ സസ്പെൻസോ പുതിയ കാഴ്ചക്കാർക്കായി കരുതി വയ്ക്കുന്നുണ്ട് ‘മണിച്ചിത്രത്താഴ്’.

Read More: മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്‍വായന

 

രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന ‘മണിച്ചിത്രത്താഴ്’ കാഴ്ചകളുടെ നിരവധിയേറെ കഥകൾ പറയാനുണ്ടാവും മലയാളികൾക്ക്. കേട്ടു പഴകിയ മുത്തശ്ശിക്കഥകളിലെ കഥാപാത്രങ്ങളെ പോലെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന പേരുകളാണ് മലയാളിക്ക് നാഗവല്ലിയും മാടമ്പള്ളിയുമൊക്കെ. പഴം കഥകളും ചരിത്രവും പുരാണവുമൊക്കെ വാമൊഴികളിൽ നിന്നും ചരിത്രത്താളുകളിൽ നിന്നും തിരശ്ശീലയിലേക്ക് പുനരാവിഷ്കരിക്കപ്പെടുന്ന കാഴ്ചകളാണ് നമ്മളേറെ കണ്ടിരിക്കുക. അപ്പോഴാണ് ‘നാഗവല്ലിയുടെ പ്രതികാരം’ എന്ന മിത്തിന്റെ കൗതുകമുള്ളൊരു കഥയെ തിരശ്ശീലയിൽ നിന്ന് മലയാളികളുടെ പരിചിതലോകങ്ങളിലേക്ക് സംവിധായകൻ ഫാസിൽ തുറന്നു വിട്ടത്.

മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും രണ്ടര പതിറ്റാണ്ടുകൾ പിന്നിടുന്നു. അൽപ്പം കലി തുള്ളുന്ന പെൺകുട്ടികളോട് ‘നിനക്കെന്താ നാഗവല്ലി കൂടിയോ’ എന്ന തമാശ എത്ര തവണ കേട്ടിട്ടുണ്ടാവും മലയാളി! അത്ര മേൽ അനശ്വരങ്ങളായ കഥാപാത്രങ്ങളേയും കഥാപരിസരത്തേയും സമ്മാനിച്ച് നമ്മുടെ സിനിമാക്കാഴ്ചകളിലേക്ക് ഫിക്ഷന്റെ പുത്തൻ വാതിലുകൾ തുറന്നിടുകയായിരുന്നു ‘മണിച്ചിത്രത്താഴ്.’

“ഈ കഴിഞ്ഞ ശനിയാഴ്ചയും ഞങ്ങൾ ‘മണിച്ചിത്രത്താഴി’ന്റെ സ്പെഷ്യൽ പ്രെമോ ചാനലിൽ കാണിച്ചിരുന്നു. അന്നും ഇന്നും ഏതു സമയം സംപ്രേക്ഷണം കഴിഞ്ഞാലും ആളുകളെ പിടിച്ചിരുത്തുന്ന, ‘ഹുക്ക്’ ചെയ്യുന്നൊരു സിനിമയാണ് അത്. ടെക്നിക്കലി പറഞ്ഞാൽ ഇന്നും റേറ്റിംഗിൽ കോൺട്രിബ്യൂട്ട് ചെയ്യുന്ന സിനിമ. ഏതെങ്കിലും ഒരു പുതിയ സിനിമയ്ക്ക് എതിരെ ഇട്ടുകഴിഞ്ഞാൽ പോലും ‘ഡിസ്റ്റർബൻസ് വാല്യു’ ഉണ്ടാക്കി നമുക്ക് സപ്പോർട്ട് തരുന്ന ഒരു വ്യൂവർഷിപ്പ് ‘മണിച്ചിത്രത്താഴി’നുണ്ട്,” ഏഷ്യാനെറ്റിന്റെ സിനിമ, ഷെഡ്യൂളിംഗ് വിഭാഗം തലവനും വൈസ് പ്രസിഡന്റുമായ ദിലീപ് പറയുന്നു.

 

രണ്ടര പതിറ്റാണ്ടിനിടയിൽ എത്ര തവണ ഈ ചിത്രം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവും? കൃത്യമായൊരു കണക്ക് ചാനലിന്റെ കൈകളിൽ ഉണ്ടാകുമോ?

“കൃത്യമായൊരു റെക്കോർഡ് ഉണ്ടാവില്ല. ഒരു വർഷം തന്നെ ചുരുങ്ങിയത് ആറും എട്ടും തവണയൊക്കെ ഏഷ്യാനെറ്റ് മൂവീസിലും മെയിൻ ചാനലിലുമൊക്കെയായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സാധാരണ ഒരു സിനിമ വാങ്ങിച്ചു കഴിഞ്ഞാൽ അതിന്റെ കോസ്റ്റ് റിക്കവർ ചെയ്യുന്നതു വരെയാണ് നമ്മളത് ട്രാക്ക് ചെയ്യുക,” ദിലീപ് വിശദീകരിക്കുന്നു.

“പല സിനിമകളും നമ്മള് ചാനലിന്റെ ‘പ്രോഗ്രാമിങ്ങ് റിക്വയർമെന്റിനു’ വേണ്ടി ‘ട്രിം’ ചെയ്യാറൊക്കെയുണ്ട്. പക്ഷേ ഈ സിനിമ മാത്രം നമ്മൾ ഒന്നും ചെയ്യാറില്ല. അതിൽ നിന്ന് ഒരു സീൻ പോലും റിമൂവ് ചെയ്യാൻ പറ്റില്ല. അത് പെട്ടെന്ന് ആളുകൾക്ക് മനസ്സിലാവും. ഓരോ സീനും അത്രമേൽ മനപ്പാഠമാണ് മലയാളിക്ക്,” ദിലീപ് പറഞ്ഞു.

ചിത്രത്തിന്റെ പ്രിന്റുകളും നെഗറ്റീവുമൊക്കെ ഇപ്പോഴും ശേഷിക്കുന്നുണ്ടോ എന്നു പോലും സംശയമാണ് എന്നാല്‍ ഏഷ്യാനെറ്റില്‍ സിനിമയുടെ എച്ച് ഡി കോപ്പി ഉണ്ട് എന്നും അഭിമാനപൂര്‍വ്വം ദിലീപ് വെളിപ്പെടുത്തുന്നു.

“മിക്കവാറും സിനിമയുടെ പ്രിന്റൊക്കെ പോയി കാണും. നെഗറ്റീവ് തന്നെ സെയ്ഫ്​​ ആണോ എന്നറിയില്ല. കാലാകാലങ്ങളായി അത് ക്ലീൻ ചെയ്തു വെച്ചില്ലെങ്കിൽ നശിച്ചു പോവും. ഇവിടെ ഞങ്ങൾ എച്ച് ഡി മാസ്റ്ററിംഗ് ചെയ്ത് ചിത്രം എക്കാലത്തേക്കുമായി പ്രിസർവ്വ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.”

 

ശോഭനയുടെ കരിയറിലെ​ ഏറ്റവും മികച്ച വേഷങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നതാണ് ‘മണിച്ചിത്രത്താഴി’ലെ ഗംഗ/നാഗവല്ലി ദ്വന്ദ്വങ്ങൾ. 1994-ൽ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ‘മണിച്ചിത്രത്താഴ്’ നേടി കൊടുത്തു. ശോഭനയുടെ നാഗവല്ലിയോടൊപ്പം തന്നെ ഡോ. സണ്ണിയും നകുലനും ശങ്കരൻ തമ്പിയും മഹാദേവനും ശ്രീദേവിയും അല്ലിയും ചന്തുവും ഉണ്ണിത്താനും ഭാസുരയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ദാസപ്പൻകുട്ടിയും കാട്ടുപറമ്പനും എല്ലാം ശ്രദ്ധേയമായി. മോഹൻലാൽ, സുരേഷ് ഗോപി, ശ്രീധർ, വിനയപ്രസാദ്, കെ പി എസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു, തിലകൻ, ഗണേഷ് കുമാർ, മാള, സുധീഷ്, രുദ്ര തുടങ്ങിയവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിനും അതിലെ കഥാപാത്രങ്ങളും ഏറെ പ്രാധാന്യമുണ്ട്.

1993 ല്‍ റിലീസ് ചെയ്ത ‘മണിച്ചിത്രത്താഴ്’ 365 ദിവസമാണ് കേരളത്തിലെ തിയേറ്റുകളിൽ ഓടിയത്. വൻ സാമ്പത്തിക ലാഭവും ചിത്രം നേടി. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ നിരവധി സംവിധായകരും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുൻകൂട്ടി റിലീസ് തീയതി പ്രഖാപിച്ചതിനു ശേഷമായിരുന്നു ‘മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സമയ ബന്ധിതമായി ചിത്രീകരണം പൂർത്തിയാക്കുക എന്ന കടമ്പയുള്ളതു കൊണ്ട് ഒരു സെക്കന്റ് യൂണിറ്റ് സംവിധായക സംഘത്തിന്റെ സഹായവും ഫാസിൽ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരുന്നു. പ്രിയദര്‍ശന്‍, സിദ്ദിഖ് – ലാല്‍, സിബി മലയില്‍ തുടങ്ങിയവരായിരുന്നു സെക്കന്റ് യൂണിറ്റിലെ സംവിധായകര്‍.

വേണുവായിരുന്നു സിനിമയുടെ മുഖ്യ ഛായാഗ്രാഹകൻ. ആനന്ദകുട്ടനും സണ്ണി ജോസഫും സെക്കൻഡ് യൂണിറ്റിന്റെ ക്യാമറ കൈകാര്യം ചെയ്തു. ബിച്ചു തിരുമലയും മധു മുട്ടവും കവിഞ്ജർ വാലിയും എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം.ജി. രാധകൃഷ്ണനായിരുന്നു. ജോൺസന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook