scorecardresearch
Latest News

എന്റെ കുന്ദവി ജയലളിതയെ പോലെ ആയിരിക്കണം, വികാരങ്ങൾ പുറത്തു കാണിക്കരുത്: തൃഷയോട് മണിരത്നം പറഞ്ഞത്

പൊന്നിയിൻ സെൽവനിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒരാളാണ് കുന്ദവി. വശ്യമായ സൗന്ദര്യവും നിഗൂഢതയും ഒത്തിണങ്ങിയ കഥാപാത്രം

Trisha, Maniratnam, Ponniyin Selvan 2
തൃഷയും മണിരത്നവും

കൽക്കി കൃഷ്ണമൂ‌‌ർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചോള രാജ്യത്തിലെ ചക്രവര്‍ത്തിയായ സുന്ദര ചോളന്റെയും മക്കളായ ആദിത്യ കരികാലന്‍, കുന്ദവി, ഇളയ മകന്‍ അരുള്‍ മൊഴി വര്‍മന്‍ എന്നിവരിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്. ചിത്രത്തിൽ കുന്ദവിയായി അഭിനയിച്ചിരിക്കുന്നത് തൃഷയാണ്.

ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒരാളാണ് കുന്ദവി. ഒരു രാജവംശത്തെയാകെ നിയന്ത്രിക്കാന്‍ കഴിയുന്ന പെണ്‍കരുത്തായാണ് കുന്ദവിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വശ്യമായ സൗന്ദര്യത്തിനൊപ്പം തന്നെ നിഗൂഢ തന്ത്രങ്ങളുമായി ഏവരുടെയും ശ്രദ്ധ കവരുന്ന കഥാപാത്രം.

കുന്ദവി എന്ന കഥാപാത്രത്തിന് റഫറൻസായി മണിരത്നം ചൂണ്ടികാണിച്ചത് ജയലളിതയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് തൃഷ. “തൃഷ ആകുന്നത് നിർത്തൂ. ജയലളിത അമ്മയെ കുറിച്ചോർക്കൂ, അവർ എങ്ങനെ നടക്കുന്നു, സംസാരിക്കുന്നു എന്ന് ചിന്തിക്കൂ. അവരുടെ വികാരങ്ങൾ പുറത്തുവരാൻ അവരൊരിക്കലും അനുവദിക്കുന്നില്ല. കുന്ദവി അങ്ങനെയായിരിക്കണം. ഞാൻ ജയലളിത അമ്മയുടെ സിനിമകളും വീഡിയോകളും കണ്ടു, അതെന്നെ ഏറെ സഹായിച്ചു,” എന്നാണ് തൃഷ പറയുന്നത്.

പൊന്നിയിൻ സെൽവൻ ഷൂട്ടിംഗ് ലൊക്കേഷനിൽ മണിരത്നത്തിനൊപ്പം തൃഷ

ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന വേഷം താൻ അവതരിപ്പിച്ചോട്ടെയെന്ന് മണിരത്നത്തോട് ഒരിക്കൽ ചോദിച്ചിരുന്നതായും തൃഷ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് മാത്രമെ ആ കഥാപാത്രം ചെയ്യാനാകൂ എന്ന് പറഞ്ഞ് സംവിധായകൻ തന്റെ അപേക്ഷ തള്ളികളയുകയായിരുന്നുവെന്നും തൃഷ കൂട്ടിച്ചേർത്തു. ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലായിരുന്നു തൃഷയുടെ വെളിപ്പെടുത്തൽ.

“എനിക്ക് വ്യക്തിപരമായി നന്ദിനിയെ ഇഷ്ടമാണ്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. ഒരിക്കൽ മണി സാറിനോട് ഇതേ കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് താൻ ആദ്യമേ കരാർ ഒപ്പിട്ട കഥാപാത്രം നന്ദിനിയാണ്. കാരണം ഐശ്വര്യയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ എന്നാണ്. ആ ഉത്തരത്തിൽ ഞാൻ പൂർണ തൃപ്തയുമായിരുന്നു.”

താനും ഐശ്വര്യയും തമ്മിൽ അധികം അടുക്കരുതെന്ന് മണിരത്നം പറഞ്ഞ മുന്നറിയിപ്പിനെ കുറിച്ചും തൃഷ ഒരിക്കൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്ന കുന്ദവൈ, നന്ദിനി എന്നീ കഥാപാത്രങ്ങൾ ശത്രുക്കളാണ്.

തൃഷയും ഐശ്വര്യ റായിയും പൊന്നിയിൻ സെൽവൻ ലൊക്കേഷനിൽ

പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തിന്റെ പ്രമോഷൻ സമയത്തായിരുന്നു തൃഷ ഈ കാര്യം പറഞ്ഞത്. “കുന്ദവൈ, നന്ദിനി എന്ന കഥാപാത്രങ്ങൾ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മണി സർ ഇടയ്ക്ക് പറയും നിങ്ങൾ സുഹൃത്തുക്കളാകാതിരിക്കൂ. ഇത് കുന്ദവൈയും നന്ദിനിയുമാണ് , അതുകൊണ്ട് പരസ്പരം സംസാരിക്കരുത്. അഭിനയിക്കുന്ന രംഗങ്ങളിൽ നിങ്ങൾ തമ്മിൽ കുറച്ച് ശത്രുത ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mani ratnam told trisha to take inspiration from jayalalitha to play kundavai ponniyin selvan 2

Best of Express