കോവിഡ് വ്യാപനവും ലോക്ക്‌ഡൗണും എല്ലാം വന്നപ്പോൾ ഏറെ നഷ്ടം നേരിടേണ്ടി വന്ന ഇൻഡസ്ട്രികളിൽ ഒന്ന് സിനിമാമേഖലയാണ്. ഇനിയെന്ത് എന്നറിയാത്ത അനിശ്ചിതത്തിലാണ് സിനിമാലോകം ഇന്ന്. മലയാള സിനിമാലോകം മാത്രമല്ല ലോകത്ത് എല്ലാ സിനിമാ ഇൻഡസ്ട്രികളും ഇനിയെന്ത് എന്നറിയാത്ത അനിശ്ചിതങ്ങളിലും മുന്നോട്ട് എങ്ങനെ പോവണമെന്ന ആലോചനയിലുമാണ്. കോവിഡാനന്തര സിനിമയുടെ നിലനിൽപ്പിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത സംവിധായകനായ മണിരത്നം. എസ്ഐസിസിഐ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് അനിശ്ചിതകാലത്തെയും അതിജീവിച്ച് നിലനിൽക്കാൻ സിനിമയ്ക്ക് ആവുമെന്ന് മണിരത്നം പ്രത്യാശ പ്രകടിപ്പിച്ചു. ” വിബിൾഡെൺ ഫൈനൽ നടക്കുമ്പോൾ മഴ വന്നാൽ സ്റ്റേഡിയം അടക്കും, കളി തടസപ്പെട്ടാലും മറ്റൊരിടത്ത് ആ കളി നടക്കുക തന്നെചെയ്യും. നിശബ്ദ സിനിമകൾ, തിയേറ്ററുകൾ, ഫിലിം ഷൂട്ടിംഗിൽ നിന്നും ഡിജീറ്റൽ സിനിമിലേക്ക്… സിനിമയും ഏറെ മാറ്റങ്ങളിലൂടെയാണ് ഇത്രകാലം കടന്നു വന്നത്. സിനിമ രൂപാന്തരം പ്രാപിച്ച് മറ്റൊരു രീതിയിൽ ഇപ്പോഴും നമ്മുടെയിടയിൽ ഉണ്ടല്ലോ.”

നിലവിലെ സാഹചര്യങ്ങൾ സിനിമയുടെ പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങളിലൊന്നും വലിയ മാറ്റമുണ്ടാക്കില്ലെന്നും മാറ്റമുണ്ടാവാൻ പോവുന്നത് ഷൂട്ടിംഗ് രീതികളിലാണെന്നും മണിരത്നം പറഞ്ഞു. ആൾക്കൂട്ടം വേണ്ട സീനുകളൊക്കെ ഷൂട്ട് ചെയ്യുന്നതിൽ കോവിഡ്കാലം പ്രതിബന്ധം സൃഷ്ടിക്കുമെങ്കിലും അതിനെയൊക്കെ മറ്റെന്തെങ്കിലും ടെക്നിക്കൽ ബ്രില്ല്യൻസ് കൊണ്ട് മറികടക്കാനാവുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ഓരോ ഷൂട്ടിംഗ് സെറ്റുകളിലും ഹൈജീനും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടതെന്നും മണിരത്നം കൂട്ടിച്ചേർത്തു.

വലിയ സാമ്പത്തിക പ്രതിസന്ധികളും സിനിമാമേഖല നേരിടുന്ന സമയമാണ് കോവിഡ്കാലം. താരങ്ങളും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെക്നീഷ്യൻമാരും തങ്ങളുടെ പ്രതിഫല തുക കുറച്ച് സിനിമയോട് സഹകരിക്കേണ്ട സമയമിതാണെന്നും മണിരത്നം ഓർമിപ്പിച്ചു. ഒപ്പം സർക്കാരും സിനിമാ മേഖലയോട് സഹായമനോഭാവത്തോടെ പെരുമാറിയാൽ ഈ അനിശ്ചിതത്വങ്ങളെ അതിജീവിക്കാനാവുന്നതേയുള്ളൂവെന്ന് മണിരത്നം പറയുന്നു.

മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പൊന്നിയിൻ സെൽവന്റെ’ ചിത്രീകരണവും തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൽ ഏറെ താരങ്ങളും അണിനിരക്കുന്നുണ്ട്. വലിയ ആൾക്കൂട്ടമുള്ള സീനുകൾ ആവശ്യമായി വരുന്ന സിനിമ കൂടിയാണ് ‘പൊന്നിയിൻ സെൽവൻ’. എങ്ങനെ അത്തരം സീനുകൾ ചിത്രീകരിക്കും എന്ന ചോദ്യത്തിന് താനൊരു പ്രൊഫഷണൽ ആണെന്നും എങ്ങനെ അത്തരം സീനുകൾ ചിത്രീകരിക്കാമെന്നത് ചെയ്ത് കാണിക്കാം എന്നുമായിരുന്നു ചിരിയോടെ മണിരത്നത്തിന്റെ മറുപടി.

Read more: കെട്ടിപ്പിടിക്കരുത് ഉമ്മവയ്ക്കരുത്, മാസ്‌കും ഗ്ലൗസും നിര്‍ബന്ധം; സിനിമ, ടിവി ചിത്രീകരണ നിർദേശങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook