കാട്രു വെളിയിടൈയ്ക്കു ശേഷമുളള മണിരത്നം ചിത്രത്തെക്കുറിച്ചുളള ഊഹാപോഹങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. റാം ചരൺ, അഭിഷേക് ബച്ചൻ, നാനി, ഫഹദ് ഫാസിൽ, മാധവൻ തുടങ്ങി നിരവധി നാടന്മാരുടെ പേരുകളാണ് ചിത്രത്തിലേക്ക് ഉയർന്നുകേട്ടത്. അടുത്തിടെ ഇക്കൂട്ടത്തിലേക്ക് വിജയ് സേതുപതിയുടെ പേരും കടന്നുവന്നിട്ടുണ്ട്.

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് മണിരത്നത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. തന്റെ പുതിയ സിനിമയ്ക്കായി നാലു നായകന്മാരെ മണിരത്നം പരിഗണിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നീ നാലുപേരെയാണ് അദ്ദേഹം തന്റെ അടുത്ത ചിത്രത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. അടുത്തിടെ വിജയ് സേതുപതി മണിരത്നത്തിന്റെ ഓഫിസിലെത്തി പുതിയ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചതായി സൂചനയുണ്ട്. ഇതിനുപുറമേ ദുൽഖറിന്റെ പുതിയ ചിത്രമായ സോളോയുടെ പ്രസ് മീറ്റിലും മണിരത്നം പങ്കെടുത്തിരുന്നു.

ഫഹദ് ഫാസിലും വിജയ് സേതുപതിയും മണിരത്നം ചിത്രത്തിൽ ആദ്യമായാണ്. ദുൽഖറും അരവിന്ദ് സ്വാമിയും മണിരത്നത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നാലു നടന്മാർക്കും സൗത്ത് ഇന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട്. ഈ നാലുപേരെയും ഒരുമിച്ച് ഒരു സിനിമയിൽ മണിരത്നം കൊണ്ടുവന്നാൽ അത് സ്വപ്നം യാഥാർഥ്യമാകുന്നതിന് തുല്യമായിരിക്കും. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിക്കുന്നതെന്നും എ.ആർ.റഹ്മാനാണ് സംഗീതം പകരുകയെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇനി ദുൽഖർ, ഫഹദ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നീ നാലുതാരങ്ങളെ ഒരുമിച്ച് വെള്ളിത്തിരയിൽ കാണാനാകുമോ എന്നു മാത്രമാണ് അറിയാനുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ