തന്റെ അര്‍ബുദകാലത്തെ അനുഭവങ്ങളെക്കുറിച്ചും അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചുമെഴുതിയ പുസ്തകം ‘ഹീല്‍ഡ്’, ബോളിവുഡ് താരം മനീഷ കൊയ്‌രാള ശനിയാഴ്ച പുറത്തിറക്കി.

‘അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം കണ്ടെത്തലും, ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ പഠിക്കലും കൂടിയായിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു,’ മനീഷ പുസ്തകത്തിന്റെ കവറിനൊപ്പം ട്വീറ്റ് ചെയ്തു.

‘എങ്ങനെയാണ് കാന്‍സര്‍ എനിക്കൊരു പുതുജീവിതം നല്‍കിയത്?’ എന്ന സബ് ടൈറ്റിലും പുസ്തകത്തിനൊപ്പമുണ്ട്. പുസ്തകത്തിന്റെ കവര്‍പേജില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന മനീഷയുടെ മുഖമാണ്. രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ എങ്ങിനെയാണ് തന്റെയുള്ളിലെ പോസിറ്റിവിറ്റി തന്നെ സഹായിച്ചത് എന്ന് ആ മുഖം പറയുന്നുണ്ട്.

”ഹീല്‍ഡ്’ വളരെ ശക്തമായ, ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു അനുഭവമാണ്. കാന്‍സറിനെതിരായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ മനീഷ പറയുന്നത്. അമേരിക്കയിലെ ചികിത്സയെക്കുറിച്ചും, അവിടുത്തെ അര്‍ബുദ രോഗവിദഗ്ധര്‍ നല്‍കിയ വിശേഷമായ പരിചരണത്തെക്കുറിച്ചും, അതെല്ലാം എങ്ങനെയാണ് ജീവിതത്തെ തിരിച്ചുപിടിക്കാനും വീട്ടിലേക്കും മടങ്ങാനും സഹായിച്ചത് എന്നെല്ലാം ഈ പുസ്തകത്തില്‍ മനീഷ പറയുന്നുണ്ട്. തന്റെ വിഷമങ്ങളും ഭയങ്ങളും പിന്നീട് അതില്‍ നിന്നെല്ലാം പുറത്തുവന്ന അനുഭവവും മനീഷ വിവരിക്കുമ്പോള്‍ ഒരു ഇമോഷണല്‍ റോളര്‍ സ്‌കേറ്ററിലൂടെ ഈ പുസ്തകം നമ്മളെ യാത്ര ചെയ്യിക്കും.

‘കാന്‍സര്‍ രോഗവിമുക്തയായി ആറുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ നേരിട്ട ഭയപ്പാടുകള്‍, നിരാശകള്‍, അനിശ്ചിതത്വങ്ങള്‍ ഒപ്പം ഇതില്‍ നിന്നെല്ലാം പഠിച്ച പാഠങ്ങള്‍ മനീഷ നമ്മോട് പങ്കുവയ്ക്കുകയാണ്. തന്റെ യാത്രയിലൂടെ, കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചുള്ള നമ്മുടെ ഭയങ്ങള്‍ക്ക് അവര്‍ മറുപടി തരുന്നു. അതൊരുക്കുന്ന ഭയത്തിന്റെ കൊളുത്തില്‍ കുരുങ്ങിക്കിടക്കാതെ ജീവിതത്തിലേക്ക് തിരിച്ചുവരാനും, വിജയം നേടാനും നമ്മെ പ്രചോദിപ്പിക്കുന്നു,’ പുസ്‌തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റില്‍ എഴുതിയ വാക്കുകള്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് അണ്ഡാശയ കാന്‍സര്‍ (ഓവേറിയൻ ക്യാൻസർ) ബാധിച്ച് രോഗത്തോട് പൊരുതുമ്പോള്‍, അത്രയും കാലം താന്‍ ജീവിച്ച, തന്നെ ആഘോഷിച്ച സിനിമാ മേഖലയില്‍ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്ന് മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്.

Read More: There’s nothing compared to feeling that you are losing your life: Manisha Koirala opens up about cancer

‘ബോളിവുഡില്‍ മാത്രമല്ല, ലോകത്തെവിടെയും ഇങ്ങനെ തന്നെയാണ്. ഞാന്‍ ഇതിനെയൊന്നും വ്യക്തിപരമായി എടുക്കുന്നില്ല. കാരണം എല്ലാ ഉയര്‍ച്ചകള്‍ക്കും ഒരു താഴ്ചയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും അന്തസ്സായി നില്‍ക്കണം. അന്ന് എനിക്കാ പക്വത ഉണ്ടായിരുന്നില്ല. വല്ലാത്ത വിഷമം തോന്നാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, മരണത്തോടുള്ള പോരാട്ടത്തിനു ശേഷം, ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു ഇതൊന്നും വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല. നമ്മളെല്ലാവരും ഒരിക്കല്‍ മരിക്കണം. അത് എന്തായാലും സംഭവിക്കും. എല്ലാ നടീ നടന്മാര്‍ക്കും ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ പരാജയങ്ങളും വീഴ്ചകളും സംഭവിക്കും. പ്രശസ്തി അതിന്റെ നിഴലിലേക്ക് മറയും. ആളുകള്‍ക്ക് നിങ്ങളുടെ സിനിമകളിലുള്ള താത്പര്യം നഷ്ടപ്പെടും. അത് സംഭവിക്കണം. അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത്, അടിമുടി അഴിച്ചു പണിയുക, കഠിനാധ്വാനം ചെയ്യുക എന്നതൊക്കെയാണ്. വിജയങ്ങളുടെ ഉന്നതികളില്‍ നില്‍ക്കുന്ന മഡോണയെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം പ്രശസ്തിയും വിജയങ്ങളും എല്ലാകാലവും നിലനില്‍ക്കും എന്നു പ്രതീക്ഷിക്കുന്നത് പക്വതയില്ലായ്മയാണ്. നിങ്ങള്‍ ചെയ്യുന്ന ജോലിയോട് പൂര്‍ണ സമര്‍പ്പണവും കരുണയുമാണ് വേണ്ടത്,’ മുമ്പ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ കൊയ്‌രാള പറഞ്ഞ വാക്കുകള്‍.

ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നലുമായി മറ്റൊന്നിനേയും താരതമ്യപ്പെടുത്താനാകില്ല, മരണത്തോട് അടുത്തുനില്‍ക്കുന്ന ആ നിമിഷത്തില്‍ മറ്റൊന്നുമല്ല, അത് വളരെ തീവ്രമായൊരു അനുഭവമാണ് എന്നായിരുന്നു തന്റെ കാന്‍സര്‍ കാലത്തെക്കുറിച്ച് മനീഷ പറഞ്ഞത്.

തിരിച്ചുവരവില്‍ മനീഷ ആദ്യം ചെയ്ത ചിത്രം രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവായിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സഞ്ജു. പിന്നീട് നെറ്റ്ഫ്‌ളിക്‌സിന്റെ ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജിയിലും മനീഷ അഭിനയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ