scorecardresearch
Latest News

വിരാടും അനുഷ്‌കയും ശകാരിച്ചത് ഷാരൂഖിനൊപ്പം അഭിനയിച്ച ബാലതാരത്തെ!

ഡ്രൈവ് ചെയ്യുന്നതിനിടെ തീര്‍ത്തും അശ്രദ്ധമായി പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞതിനാണ് അനുഷ്‌ക ശര്‍മ അര്‍ഹാനെ ശകാരിച്ചത്.

വിരാടും അനുഷ്‌കയും ശകാരിച്ചത് ഷാരൂഖിനൊപ്പം അഭിനയിച്ച ബാലതാരത്തെ!

റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ഒരു യുവാവിനെ ശകാരിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ഈ യുവാവ് തന്നെ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്‌തിരുന്നു.

മുംബൈ സ്വദേശിയാണ് അര്‍ഹാന്‍ സിങ്. എന്നാല്‍ ഈ യുവാവ് ചില്ലറക്കാരനല്ല, തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമകളിലെ ബാലതാരമായി അഭിനയിച്ചിരുന്ന ആളാണ് അര്‍ഹാന്‍. സണ്ണി എന്ന പേരിലായിരുന്നു സിനിമയില്‍ അര്‍ഹാന്‍ അറിയപ്പെട്ടിരുന്നത്. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ക്കൊപ്പമെല്ലാം അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ബാബു ദേസി മേം എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പവും 95ല്‍ പുറത്തിറങ്ങിയ രാജയില്‍ സഞ്ജയ് കപൂറിന്റെ കുട്ടിക്കാല വേഷത്തിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. ദേഖ് ഭായ് ദേഖ് എന്ന ചിത്രത്തില്‍ ശേഖര്‍ സുമന്റെ മകന്റെ വേഷത്തിലായിരുന്നു അര്‍ഹാന്‍ എത്തിയത്. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ പാത്‌സാലയില്‍ ഷാഹിദ് കപൂറിനൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്.

ഡ്രൈവ് ചെയ്യുന്നതിനിടെ തീര്‍ത്തും അശ്രദ്ധമായി പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞതിനാണ് അനുഷ്‌ക ശര്‍മ അര്‍ഹാനെ ശകാരിച്ചത്. കൂടെയുണ്ടായിരുന്ന വിരാട് ഈ രംഗങ്ങള്‍ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് അര്‍ഹാനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ വിശദീകരണവുമായി അര്‍ഹാന്‍ തന്നെ രംഗത്തെത്തുകയുണ്ടായി. താന്‍ ചെയ്‌തത് തെറ്റാണെന്നും അശ്രദ്ധകൊണ്ടു സംഭവിച്ചതാണെന്നും അര്‍ഹാന്‍ പറഞ്ഞു. ഇതിന് താന്‍ ക്ഷമ ചോദിച്ചെങ്കിലും വഴിയരികിലെ ഭ്രാന്തന്‍മാരെ പോലെ കാറിലിരുന്ന് അനുഷ്‌ക ദേഷ്യപ്പെടുകയായിരുന്നു. ഇത് ഷൂട്ട് ചെയ്‌ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്‌തത് വിരാട് കോഹ്‌ലിയുടെ മനസിലെ മാലിന്യത്തിനു തെളിവാണെന്നും താന്‍ പുറത്തേക്കു വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ ഗൗരവമുള്ളതാണ് അതെന്നും അര്‍ഹാന്‍ വിമര്‍ശിച്ചു.

അര്‍ഹാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അറിയിപ്പ്: ഈ പോസ്റ്റുകൊണ്ട് പ്രത്യേകിച്ചെന്തിക്കിലും നേടാമെന്ന മോഹം എനിക്കില്ല.

ദാരുണം തന്നെ!

ഡ്രൈവ് ചെയ്യുമ്പോള്‍ ഒട്ടും ശ്രദ്ധിക്കാതെ ഒരു സ്‌ക്വയര്‍ മില്ലിമീറ്റര്‍ മാത്രം വരുന്ന പ്ലാസ്റ്റിക് മാലിന്യം ഞാന്‍ അശ്രദ്ധമായി പുറത്തേയ്‌ക്ക് വലിച്ചെറിഞ്ഞു. സംഭവിച്ചു പോയതാണ്. ആ സമയം അതുവഴി കടന്നു പോയ ഒരു കാര്‍ സമീപത്ത് നിര്‍ത്തി അതിന്റെ വിന്‍ഡോ പതിയെ താഴ്ന്നു. നമ്മുടെ പ്രിയപ്പെട്ട അനുഷ്‌ക ശര്‍മയായിരുന്നു കാറില്‍. എന്നാല്‍ വഴിയരികില്‍ കാണുന്ന ഭ്രാന്തുള്ളവരെപ്പോലെ അവര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്റെ അശ്രദ്ധ കുറ്റകരം തന്നെയായിരുന്നു. അതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. മാപ്പും പറഞ്ഞു. പക്ഷേ, മിസിസ് അനുഷ്‌ക ശര്‍മ, സംസാരത്തില്‍ കുറച്ചെങ്കിലും മാന്യതയും വിനയവും പുലര്‍ത്തിയിരുന്നെങ്കില്‍ നിങ്ങളുടെ താരമൂല്യം ഇടിഞ്ഞുപോകുമായിരുന്നോ? പലതരം മര്യാദകളും ശുചിത്വങ്ങളുമുണ്ട്. സംസാരിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്.

എന്റെ ആഢംബര കാറില്‍ നിന്നും അറിയാതെ പുറത്തേക്കെറിഞ്ഞ ആ ചെറിയ മാലിന്യത്തെക്കാള്‍ എത്രയോ വലിയ മാലിന്യമാണ് നിങ്ങളുടെ വായില്‍ നിന്ന്, നിങ്ങളുടെ ആഢംബര കാറിന്റെ വിന്‍ഡോയില്‍ നിന്ന് വന്ന മാലിന്യം. അല്ലെങ്കില്‍ അത് ഷൂട്ട് ചെയ്‌ത് ഓണ്‍ലൈനിലിട്ട വിരാട് കോഹ്‌ലിയുടെ മനസിലെ മാലിന്യത്തെക്കാള്‍ ചെറിയ മാലിന്യമാണ് ഞാന്‍ പുറത്തേക്കിട്ടത്.

അതൊരു ഗൗരവമുള്ള മാലിന്യമാണ്- അര്‍ഹാന്‍ സിങ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Man scolded by anushka sharma virat kohli is a 90s child star who has worked with shah rukh khan