ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആരാധകര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി ന്യൂഡല്‍ഹിയിലെ പ്രിതംപുര സ്വദേശി പുനീത് അഗര്‍വാള്‍ എന്ന ഇരുപത്തിയേഴുകാരന്‍.

അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോണ്‍ നമ്പര്‍ എന്ന് പറഞ്ഞ് തന്റെ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, അതിന് ശേഷം താരത്തോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് അപരിചിതരായ ആളുകളില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്നും പുനീത് പറയുന്നു.

Read More: തമാശ അതിരുകടന്നു, വെടിയേറ്റു വീണ സണ്ണി ലിയോണിനെ കണ്ട് ഭയന്ന് സഹനടനും സംവിധായകനും

‘ജൂലൈ 26ന് ചിത്രം റിലീസ് ആയതിന് ശേഷം അറിയാത്ത പല നമ്പറുകളില്‍ നിന്നും എനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചു തുടങ്ങി. എല്ലാവരും ആവശ്യപ്പെടുന്നത് സണ്ണി ലിയോണിനോട് സംസാരിക്കണം എന്നാണ്. ആദ്യം ഞാന്‍ വിചാരിച്ചത് ആരോ എന്നെ കബളിപ്പിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ എന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ അവതരിപ്പിച്ച കഥപാത്രം ഈ നമ്പര്‍ പറയുന്നുണ്ടെന്നും,’ പുനീത് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണ് നിലവില്‍ പുനീത് അഗര്‍വാള്‍. ‘വിളിക്കുന്ന ആളുകള്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. എന്നെ അധിക്ഷേപിക്കുകയും വൃത്തികെട്ട സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഞാന്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഹാരം കണ്ടെത്തും എന്ന് എനിക്ക് ഉറപ്പ് നല്‍കിയിട്ടും ഇതുവരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook