മലയാളികളുടെ പ്രിയനടനും സോഷ്യൽ മീഡിയയുടെ സ്വന്തം തഗ് ലൈഫ് കിങ്ങുമായ മാമുക്കോയയുടെ ഏറ്റവും പുതിയ മേക്ക് ഓവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസ്സും തൊപ്പിയുമൊക്കെ അണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂർക്ക’. ‘മേക്ക് ഓവർ’ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. റെയിന്‍ബോ മീഡിയയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

മേക്ക് ഓവർ വിശേഷങ്ങൾ അറിയാൻ വിളിച്ചപ്പോൾ, “എങ്ങനെയുണ്ട്, സംഭവം ജോറായില്ലേ?” എന്നായിരുന്നു സ്വതസിദ്ധമായ ആ ചിരിയുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ ചോദ്യം.

“ശരത്ത് എന്നൊരു പയ്യൻ വിളിച്ച് ഇക്കാ നമുക്കൊരു മേക്ക് ഓവർ ഷൂട്ട് നടത്തിയാലോ എന്നു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്തു വെച്ചായിരുന്നു ഷൂട്ട്. അവര് സ്റ്റൈലൻ വേഷമൊക്കെ തന്ന് കുറച്ച് ഫോട്ടോസ് എടുത്തോട്ടെ എന്നു ചോദിച്ചു. സന്തോഷത്തോടെ ഞാനും സമ്മതിച്ചു.”

“എല്ലാവരും വിളിച്ച് ഇതെന്താ സംഭവം, പുതിയ സിനിമ ആണോ ​എന്നൊക്കെ ചോദിക്കുന്നുണ്ട് ഇപ്പോൾ. സിനിമയിൽ പോലും ഇങ്ങനെയൊന്നും മുൻപ് വന്നിട്ടില്ല. മേക്കപ്പ് ഒക്കെ ചെയ്ത് പ്രായം കുറച്ചിരിക്കുകയാണ്. പേരക്കുട്ടികൾക്കു ഒക്കെ സംഭവം ഇഷ്ടമായി,” മാമുക്കോയ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് വിശേഷങ്ങൾ പങ്കിട്ടു.

ഫാഷൻ ഫോട്ടോഗ്രാഫറായ ശരത് ആലിൻതറയാണ് ഈ ചിത്രങ്ങൾക്ക് പിറകിൽ. മേക്കപ്പ് ആർട്ടിസ്റ്റായ വിദ്യയാണ് സ്റ്റൈലിഷ് ആയ രീതിയിൽ മാമുക്കോയയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ലോക്ക്‌ഡൗണിൽ ഇളവു വന്നെങ്കിലും കഴിയുന്നതും വീട്ടിലിരിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹമിപ്പോൾ. “കുറേക്കാലത്തിനു ശേഷം ഒന്ന് വയനാട് വരെ പോയി. അവിടത്തെ തോട്ടമൊക്കെ കാടുപിടിച്ചു കിടക്കായിരുന്നു. എല്ലാം വൃത്തിയാക്കി ഇന്നലെ എത്തിയതേയുള്ളൂ.” മാമുക്കോയ പറഞ്ഞു.

ലോക്‌ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ മലയാളികളെ ഏറെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തത് മാമുക്കോയ ട്രോളുകളും അദ്ദേഹത്തിന്റെ തഗ് ലൈഫ് കഥാപാത്രങ്ങളുമൊക്കെയായിരുന്നു. “ജനങ്ങൾക്ക് ബോറടിയിൽ നിന്ന് ഇത്തിരി സന്തോഷവും സമാധാനവും കിട്ടുമെങ്കിൽ കിട്ടട്ടെന്നെ,” എന്നാണ് ഇതിനെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്.

Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

ലോക്ക്ഡൗൺ കാലത്ത് വിശേഷങ്ങൾ പങ്കിടാനും പ്രേക്ഷകരുമായി സംവദിക്കാനും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലും അദ്ദേഹം അതിഥിയായി എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങളെ രസകരമായ ഉത്തരങ്ങളോടെയാണ് മാമുക്കോയ വരവേറ്റത്. തനി കോഴിക്കോടൻ ശൈലിയിൽ, ഉരുളക്കുപ്പേരി പോലുള്ള മാമുക്കോയയുടെ മറുപടികളെല്ലാം ശ്രദ്ധ നേടിയിരുന്നു.

Read more: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook