പ്രമുഖ താരങ്ങൾ ചടങ്ങിനെത്താത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ കുടുംബം. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്ന് മാമുക്കോയയുടെ മകൻ പറഞ്ഞു. ഷൂട്ട് മാറ്റിവച്ച് മറ്റു ചടങ്ങുകൾക്ക് പോകുന്നത് അച്ഛനു വിയോജിപ്പായിരുന്നെന്നും മകൻ കൂട്ടിച്ചേർത്തു.
“യാതൊരു വിധ പരാതികളുമില്ല. അങ്ങനെ പരാതികൾ പറയുന്നൊരു ആളല്ല എന്റെ വാപ്പ. വരാതിരുന്നവർക്ക് അവരുടേതായ തിരക്കുകളുണ്ടാകും. മോഹൻലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ചു. ഇന്നസെന്റ് മരിക്കുന്ന സമയത്ത് ഉപ്പ വിദേശത്തായിരുന്നു, ഒരു സ്റ്റേജ് ഷോയ്ക്കായി പോയതാണ്. പക്ഷെ അത് ഉപേക്ഷിച്ച് ഉപ്പ വന്നില്ല, കാരണം അതിൽ ഒരുപാട് പേർക്ക് നഷ്ടങ്ങളുണ്ടാകും. അതുപോലെ മോഹൻലാൽ ജപ്പാനിൽ നിന്നും മമ്മൂട്ടി ഉംറ റദ്ദാക്കി വരണമെന്ന് പറഞ്ഞാൻ അതിൽ എന്താണ് ന്യായമുള്ളത്” മാമുക്കോയയുടെ മകന്റ് വാക്കുകളിങ്ങനെ.
മാമുക്കോയയുടെ സംസ്കാരത്തിനു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ വി എം വിനു പറഞ്ഞ വാക്കുകളാണ് വിവാദമുണ്ടാക്കിയത്. സംസ്കാരം ചടങ്ങുകൾക്ക് പ്രമുഖർ എത്താതിരുന്നത് മാമുക്കോയയോട് ചെയ്ത അനീതിയാണെന്നാണ് വിനു പറഞ്ഞത്. മാമുക്കോയ എറണാക്കുളത്തു പോയി മരിച്ചിരുന്നെങ്കിൽ ഇവർക്കെല്ലാം സൗകര്യപ്പെട്ടേനെയെന്നും വിനു പരിഹാസ രൂപേണ പറഞ്ഞു.
ബുധനാഴ്ച്ചയാണ് മലയാളികളുടെ പ്രിയതാരം മാമുക്കോയ മരണപ്പെട്ടത്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച ഉച്ചയോടെ മരണ വിവരം പുറത്തുവന്നു.