കഴിഞ്ഞ ദിവസം മലയാള സിനിമയിലെ ചിരിയുടെ സുൽത്താൻ മാമുക്കോയയ്ക്ക് ഒപ്പം ഇന്ത്യൻ എക്സ്പ്രസിന്റെ ഫേസ്ബുക്ക് ലൈവിലെത്തി തിളങ്ങിയ ഒരു കൊച്ചുമിടുക്കിയുണ്ട്, ഹിബ റഹ്മാൻ, മാമുക്കോയയുടെ പേരക്കുട്ടി. ‘എനിക്കീ ഫേസൂക്കിന്റെ പ്രവർത്തനങ്ങളൊന്നും വല്യ പിടിയില്ലെ’ന്ന ഉപ്പൂപ്പാന്റെ വാക്കുകൾ കേട്ട് സഹായിക്കാൻ തയ്യാറായി എത്തിയ ഹിബ ലൈവിലെ ശ്രദ്ധേയ സാന്നിധ്യമാവുകയായിരുന്നു. പ്രൊഫെഷണല്‍ ആയ ഒരു ‘ആങ്കര്‍’ കൈകാര്യം ചെയ്യുന്ന മികവോടെ ആരാധകരുടെ കമന്റുകൾ ഉപ്പൂപ്പയ്ക്ക് വായിച്ചു കൊടുത്ത് രസകരമായി ലൈവ് മുന്നോട്ട് കൊണ്ടു പോയത് ഹിബയാണ്. ‘കൊച്ചുമോള്‍ മിടുക്കിയാണല്ലോ, സിനിമയില്‍ അഭിനയിച്ചു കൂടെ ?,’ എന്നായിരുന്നു പലരും മാമുക്കോയയോട് ചോദിച്ചത്.

ഉപ്പൂപ്പയ്ക്ക് ഒപ്പം  ലൈവിൽ എത്തിയ അനുഭവവും അതിനു കിട്ടുന്ന പ്രത്രികരണങ്ങളും ഒപ്പം തന്റെ വിശേഷങ്ങളും ഐഇ മലയാളവുമായി പങ്കു വയ്ക്കുകയാണ് ഹിബ.

“വളരെ പോസിറ്റീവ് എക്സ്പീരിയൻസ് ആയിരുന്നു. കുറേ ചോദ്യങ്ങൾ ഒക്കെ കേട്ടപ്പോൾ,  ഉപ്പൂപ്പന്റെ പേരക്കുട്ടിയായതിൽ കുറേക്കൂടി അഭിമാനം തോന്നി.  വീട്ടിൽ എപ്പോഴും ഉപ്പൂപ്പാനെ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ വരാറുണ്ട്, ഇപ്പോ ലോക്ക്‌ഡൗൺ ആയപ്പോഴാണ് അതില്ലാതെയായത്. പക്ഷേ ഇത്രയും ആളുകൾ പബ്ലിക് ആയി വന്ന് ഉപ്പൂപ്പയോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ കാണിക്കുന്നത് കാണുന്നത് ആദ്യായിട്ടാണ്. കുറേ ചോദ്യങ്ങളൊക്കെ​ എന്നെ ചിരിപ്പിച്ചു, ‘ഇക്കാ, ഇങ്ങൾക്ക് പ്രേമുണ്ടായിരുന്നോ?’ എന്നൊക്കെ കേട്ടപ്പോൾ. ആരോ ചോദിക്കുന്നുണ്ടായിരുന്നു, ‘ഉപ്പൂപ്പ അടിക്കുമോ?’ എന്ന്. ഇതു വരെ ഞങ്ങളെ ആരെയും അടിക്കുന്നതോ ചീത്ത പറയുന്നതോ ഞാൻ കണ്ടിട്ടില്ല,” ഹിബ പറഞ്ഞു തുടങ്ങി.

 

Read Here: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

സാധരാണ ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന ഉപ്പൂപ്പ ഒരു ഫോണിനു മുന്നില്‍ ഇത്രയും നേരം ക്ഷമയോടെയിരുന്നു ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത് കണ്ടു തനിക്ക് തന്നെ അത്ഭുതം തോന്നി എന്നും ഹിബ വെളിപ്പെടുത്തി.

“ഉപ്പൂപ്പയൊരു 15 മിനിറ്റൊക്കെ ഇരുന്ന് സംസാരിക്കുള്ളൂ എന്നായിരുന്നു ഞാൻ വിചാരിച്ചത്.  അങ്ങനെ എവിടെയും ഇരിക്കൊന്നുമില്ല ഉപ്പൂപ്പ, മതിയെന്ന് പറഞ്ഞ് എണീക്കുന്ന ആളാണ്. 45 മിനിറ്റായി എന്ന് ഞാൻ പറഞ്ഞപ്പോഴും മൂപ്പര് കൂളായി ഇരിക്കായിരുന്നു. ഉപ്പൂപ്പയെ ഇത്രയും വില്ലിംഗ് ആയി ഞാനാദ്യമായാണ് കാണുന്നത്.  ലൈവ് കഴിഞ്ഞിട്ടും മൂപ്പര് ചോദ്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് കുറേ ചിരിച്ചു.”

മാമുക്കോയയുടെ മൂത്തമകൾ ഷാഹിദയുടെ മകളാണ് കോഴിക്കോട് ഫാറൂഖ് കോളേജിൽ മൂന്നാം വർഷ ബിരുദവിദ്യാർത്ഥിനിയായ ഹിബ. ഹിബയ്ക്ക് ഒരു അനിയത്തിയും അനിയനും കൂടിയുണ്ട്.  സ്കൂൾകാലത്ത് ചില നാടകങ്ങളിൽ അഭിനയിച്ചതാണ് ഹിബയ്ക്ക് അഭിനയവുമായുള്ള പരിചയം.

“അഭിനയിക്കുന്നതിനൊന്നും ഉപ്പൂപ്പയ്ക്കോ വീട്ടുകാർക്കോ പ്രശ്നമില്ല. നല്ല കഥാപാത്രമാണെങ്കിൽ, എനിക്ക് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നാണ് അവരുടെ ലൈൻ. ചെറിയ കുട്ടിയായിരുന്നപ്പോൾ ഏതോ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, അന്ന് പിന്നെ ഞാൻ കരഞ്ഞ് ബഹളമാക്കുമോ എന്നൊക്കെയായിരുന്നു ഉമ്മേടെ പേടി. ഓൾടെ ചോയിസ് ആയി വിട്ടു കൊടുക്കാം എന്നാണ് അന്നും ഉപ്പൂപ്പയുടെ ഒരു ലൈൻ,” അഭിനയത്തോടുള്ള നയം ഹിബ ഇങ്ങനെ വ്യക്തമാക്കി.

Read more: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

ഹിബയുടെ ഉമ്മ ഷാഹിദയും കുട്ടിക്കാലത്ത് ഒരു സിനിമയിൽ തല കാണിച്ചിട്ടുണ്ട്. ‘പ്രാദേശികവാർത്തകള്‍’ എന്ന ചിത്രത്തിൽ കുട്ടിക്കൂട്ടത്തിൽ ഒരാളായി മുഖം കാണിച്ചത് ഷാഹിദയായിരുന്നു. ചിത്രത്തിലേക്ക് കുറച്ചുകുട്ടികളെ വേണം എന്നു പറഞ്ഞപ്പോൾ ഉമ്മയെ തേടിയെത്തിയ അവസരമായിരുന്നു അതെന്ന് ഹിബ ഓര്‍ത്തെടുത്തു.

അഭിനയത്തേക്കാളും സിവില്‍ സർവീസ് ആണ് ഹിബയുടെ സ്വപ്നം.

“സിവിൽ സർവീസിന് ട്രൈ ചെയ്യുന്നുണ്ട്. കോച്ചിംഗിന് പോവുന്നുണ്ട്. നന്നായി ശ്രമിക്കുന്നുണ്ട്, നടക്കുമോ എന്നൊന്നും അറിയില്ല,” ഹിബ പറഞ്ഞു. കോഴ്സിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററിയും ടിജിഎഫ് എന്ന വളണ്ടയറിംഗ് ഓർഗനൈസേഷനു വേണ്ടി വിവിധ വിഷയങ്ങളിലായി ഏതാനും ചില വീഡിയോകളും ചെയ്തിട്ടുണ്ട് ഹിബ.

Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook