World Cancer Day 2019: അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായി മാറിയ ഒന്നായിരുന്നു 10 ഇയർ ചലഞ്ച്. സെലബ്രിറ്റികളും സാധാരണക്കാരുമടക്കം നിരവധിയേറെ പേരാണ് ഈ ചലഞ്ചിൽ പങ്കെടുത്തത്. ഒരു പതിറ്റാണ്ടുകൊണ്ട് ആളുകളിൽ വന്നുചേർന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങൾ തന്നെയായിരുന്നു #10yearchallenge ന്റെ പ്രധാന കൗതുകം. എന്നാൽ, വേൾഡ് കാൻസർ ദിനത്തിൽ മംമ്ത മോഹൻദാസ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച 10 ഇയർ ചലഞ്ചിന്റെ ചിത്രം കൗതുകത്തേക്കാൾ പ്രതീക്ഷയും പ്രചോദനവുമാണ് സമ്മാനിക്കുന്നത്. കാൻസർ എന്ന മഹാമാരിയെ അതിജീവിച്ച മംമ്തയുടെ പോരാട്ടത്തിന്റെയും പോസിറ്റിവിറ്റിയുടെയും തെളിവായി മാറുകയാണ് ചിത്രം.

‘എനിക്ക് കാൻസർ പിടിപ്പെട്ടു, പക്ഷേ കാൻസറിന് എന്നെ പിടികിട്ടിയില്ല,’ എന്ന് സരസമായി പറഞ്ഞാണ് മംമ്ത തന്റെ കുറിപ്പാരംഭിക്കുന്നത്. “എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വർഷമായിരുന്നു 2009, എന്റെ കുടുംബത്തിന്റെ എല്ലാ പ്ലാനുകളെയും അതു ബാധിച്ചു. കഴിഞ്ഞ 10 വർഷങ്ങൾ എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഇന്ന് 2019 ലെത്തി നിൽക്കുമ്പോൾ വീണുപോകാതെ, കരുത്തോടെ അതിജീവിച്ചെന്ന് അഭിമാനത്തോടെ ഞാൻ തിരിച്ചറിയുകയാണ്,”മംമ്ത പറയുന്നു.

“പോസിറ്റീവ് മനോഭാവത്തോടെയും കരുത്തോടെയും വർഷങ്ങൾ മുന്നോട്ടു നടക്കുക എന്നത് ഏറെ കഠിനമായിരുന്നു. ഞാനത് ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിറകിൽ ചിലരുണ്ട്. എല്ലാ നന്ദിയും അച്ഛനും അമ്മയ്ക്കുമാണ് (നന്ദി എന്ന വാക്കിൽ എനിക്കുള്ള കടപ്പാട് ഒതുക്കാനാവില്ല). ഒപ്പം തന്നെ, സഹോദരസ്നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്ന എന്റെ കസിൻസ്, എല്ലായ്‌പ്പോഴും വിളിച്ചും മെസേജ് അയച്ചും ഞാൻ ശരിക്കും ഓകെ ആണോ, അതോ ഓകെ ആയി ഭാവിക്കുന്നതാണോ എന്ന് പരിശോധിച്ചു കൊണ്ടിരുന്ന, കെയർ ചെയ്ത പ്രിയപ്പെട്ട കൂട്ടുകാർ, എന്നെ തേടിയെത്തിയ നല്ല സിനിമകൾ, നന്നായി പെർഫോം ചെയ്യാൻ എന്നെ എപ്പോഴും ചലഞ്ച് ചെയ്തുകൊണ്ടിരുന്ന എന്റെ സഹപ്രവർത്തകർ, എന്താണ് ശരി, എന്താണ് തെറ്റ് എന്നി മനസ്സിലാക്കി എനിക്കേറേ അവസരങ്ങളേകിയ പ്രപഞ്ചശക്തി,” തന്റെ അതിജീവനയാത്രയിൽ കൈത്താങ്ങായവരെയെല്ലാം ഓർക്കുകയാണ് മംമ്ത.


കുറിപ്പിനൊപ്പം കാൻസർ ചികിത്സാകാലത്തെ തല ഷേവ് ചെയ്ത ചിത്രവും മംമ്ത പങ്കുവെച്ചിട്ടുണ്ട്. ലോക കാൻസർദിനം, സർവൈവർ, നെവർ ഗിവ് അപ്പ്, ഹാപ്പിനെസ്സ്, ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാൻസർ ചികിത്സയ്ക്കിടയിലും അഭിനയത്തിൽ സജീവമായിരുന്നു മംമ്ത. രണ്ടു തവണയാണ് കാൻസർ മംമ്തയെ കീഴ്‌പ്പെടുത്തിയത്. അസുഖം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും സിനിമയിൽ നിന്നും ബ്രേക്കുകൾ എടുക്കാതെ അഭിനയത്തിനൊപ്പം തന്നെ ചികിത്സയും മുന്നോട്ടു കൊണ്ടുപോകാൻ മംമ്തയ്ക്കു സാധിച്ചിരുന്നു.
പൃഥിരാജ് നായകനാവുന്ന ‘9’ ആണ് മംമ്തയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലും ചേർന്നാണ് ‘9’ നിർമ്മിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മൊഹമ്മദാണ്.

ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലും മംമ്തയുണ്ട്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിൽ മംമ്തയുടെ പിറന്നാളാഘോഷവും നടന്നിരുന്നു.
Read more: ഹാപ്പി ബര്‍ത്ത്ഡേ മംമ്ത: ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ലൊക്കേഷനിലെ പിറന്നാള്‍ ആഘോഷം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ